ന്യൂദല്‍ഹി: ഇസ്രഈലിനെതിരെ ശബ്ദമുയര്‍ത്തുന്ന കൊളംബിയ സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍. കൊളംബിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രതിഷേധിക്കാനും അവകാശമുണ്ടെന്ന് ജെ.എന്‍.യു യൂണിയന്‍ പറഞ്ഞു.
ഇസ്രഈലിനെതിരെ പ്രതിഷേധിച്ചതിന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതും സസ്പെന്‍ഡ് ചെയ്തതും അടക്കമുള്ള സര്‍വകലാശാലയുടെ നീക്കങ്ങളില്‍ ശക്തമായി അപലപിക്കുന്നുവെന്ന് ജെ.എന്‍.യു യൂണിയന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് അറസ്റ്റ് ചെയ്ത് നീക്കണമെന്നുള്ള യൂണിവേഴ്‌സിറ്റി പ്രസിഡന്റ് മിനോച്ച് ഷഫീക്കിന്റെ ആഹ്വാനത്തെയും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ രൂക്ഷമായി എതിര്‍ത്തു.
ഇസ്രഈലി സര്‍ക്കാര്‍ ഗസയില്‍ നടത്തുന്ന വംശഹത്യയ്ക്ക് പിന്തുണ നല്‍കുന്ന കമ്പനികളുമായുള്ള സര്‍വകലാശാലയുടെ ബന്ധം അവസാനിപ്പിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം വ്യക്തമാണെന്നും പ്രസ്താവനയില്‍ പറയുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളെ ഉടനെ തിരിച്ചെടുക്കണമെന്നും പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും യൂണിയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ ചരിത്രപരമായ ഇടപെടലുകളില്‍ നിന്ന് വ്യതിചലിച്ച് നിലപാടുകള്‍ സ്വീകരിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിനെതിന്റെ വിദേശ താത്പര്യങ്ങളെയും അപലപിക്കുന്നുവെന്ന് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം യു.എസിലെ ക്യമ്പസുകളില്‍ നടക്കുന്ന ഇസ്രഈല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ സെമിറ്റിക് വിരുദ്ധമാണെന്നും അത് അവസാനിപ്പിക്കണമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. സമരക്കാര്‍ ജൂത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയാണെന്നും നെതന്യാഹു അവകാശപ്പെട്ടിരുന്നു.
ഒരാഴ്ചയോളമായി യു.എസിലെ ക്യാമ്പസുകളില്‍ ഫലസ്തീന്‍ അനുകൂല സമരങ്ങള്‍ നടന്നു വരുന്നുണ്ട്. സമരത്തില്‍ നിരവധി ജൂത വിദ്യാര്‍ത്ഥികളും പങ്കാളികളാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Content Highlight: JNU stands in solidarity with Columbia University students