| Tuesday, 20th December 2016, 8:38 am

ജനാധിപത്യസമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല: പിണറായി സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിച്ച് എസ്.എഫ്.ഐ ജെ.എന്‍.യു യൂണിറ്റ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്


ജനാധിപത്യ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന രീതി ഇടതുപക്ഷത്തിന്റെ നയമല്ലെന്ന് ജെ.എന്‍.യു എസ്.എഫ്.ഐ യൂണിറ്റ് കാര്യകാരണ സഹിതം വിവരിക്കുന്നു.


ന്യൂദല്‍ഹി: ജനാധിപത്യ സമരങ്ങളില്‍ ഇടതുപക്ഷം സ്വീകരിക്കേണ്ട നയം എന്താണെന്ന് കേരളത്തിലെ പിണറായി സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ച് ജെ.എന്‍.യു എസ്.എഫ്.ഐ യൂണിറ്റിന്റെ പത്രക്കുറിപ്പ്. ജനാധിപത്യ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന രീതി ഇടതുപക്ഷത്തിന്റെ നയമല്ലെന്ന് ജെ.എന്‍.യു എസ്.എഫ്.ഐ യൂണിറ്റ് കാര്യകാരണ സഹിതം വിവരിക്കുന്നു.

“പുരോഗമന ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ടതുമാത്രം പൊലീസിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുമെന്ന മിഥ്യാ ധാരണ പുലര്‍ത്തേണ്ടതില്ല. എന്നാല്‍ ഇടതുപക്ഷവും ഇടതുപക്ഷത്തിനും അവര്‍ നയിക്കുന്ന സര്‍ക്കാറിനും ജനകീയമായ നയങ്ങളാണ് ഉണ്ടാവേണ്ടത്. 1957ല്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപീകരിച്ച ജനോപകരപ്രദമായ നയങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ധാരണ രൂപപ്പെട്ടിട്ടുള്ളത്.”


Don”t Miss: നദീറിനെതിരെ യു.എ.പി.എ ചുമത്തി


“ഈ നയങ്ങള്‍ അനുസരിച്ച് തൊഴില്‍ തര്‍ക്കങ്ങളില്‍ ഇടപെടാന്‍ പൊലീസിനു കഴിയില്ല. ഇത്തരം കാര്യങ്ങളില്‍ പൊലീസ് ഇടപെട്ടാല്‍ അത് മര്‍ദ്ദക വിഭാഗത്തിന് ഗുണം ചെയ്യുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത്. ജനാധിപത്യ സമരങ്ങളിലും തൊഴില്‍സമരങ്ങളിലും കര്‍ഷക പോരാട്ടങ്ങളിലുമൊക്കെ പൊലീസ് ഇടപെടുന്നത് തടയുക എന്നതാണ് ഇടതുപക്ഷം നയിക്കുന്ന സര്‍ക്കാറിന്റെ നയം. ” എസ്.എഫ്.ഐ ജെ.എന്‍.യു യൂണിറ്റ് ഓര്‍മ്മിപ്പിക്കുന്നു.

ദേശീയഗാനത്തെ അപമാനിച്ചു എന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതിയില്‍ എഴുത്തുകാരനായ കമല്‍ സി ചവറയ്‌ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്ത സംഭവം സൂചിപ്പിച്ചുകൊണ്ടാണ് ജെ.എന്‍.യു എസ്.എഫ്.ഐ യൂണിറ്റ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ജനാധിപത്യ വിശ്വാസികളില്‍ ഞെട്ടലുണ്ടാക്കുന്നു എന്നു പറഞ്ഞ എസ്.എഫ്.ഐ രാജ്യദ്രോഹം പോലെയുള്ള നിയമങ്ങള്‍ പൊലീസ് തോന്നിയപോലെ ഉപയോഗിക്കുമ്പോള്‍ ഇടതുസര്‍ക്കാറിന് മിണ്ടാതിരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.


Also Read: പോലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് പാവപ്പെട്ട ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടാവരുത് : ആഭ്യന്തരവകുപ്പിനെ പരസ്യമായി വിമര്‍ശിച്ച് വി.എസ് 


രാജ്യദ്രോഹം പോലെയുള്ള നിയമങ്ങള്‍ തോന്നിയപോലെ പൊലീസ് ഉപയോഗിക്കുമ്പോള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് മിണ്ടാതിരിക്കാന്‍ കഴിയില്ല. നിലവിലെ കേസുകളില്‍ പൊലീസ് സ്വീകരിച്ച നടപടി തീര്‍ത്തും അപലപനീയമാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇതില്‍ ഇടപെടണം. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തിരുത്തുകയും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം. ജനാധിപത്യ അവകാശങ്ങളെയും പൗരാവകാശങ്ങളെയും സംരക്ഷിച്ചുകൊണ്ടും ഇത്തരം അവകാശങ്ങളെ യാതൊരു ശിക്ഷാഭയവുമില്ലാതെ അടിച്ചമര്‍ത്തുന്നതില്‍ നിന്നും പൊലീസിനെ തടഞ്ഞുകൊണ്ടും ജനങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം കാത്തുസൂക്ഷിക്കണം.” ജെ.എന്‍.യു എസ്.എഫ്.ഐ യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

“അഭിപ്രായ വ്യത്യാങ്ങള്‍ രേഖപ്പെടുത്തുന്നവരെയും പ്രതിഷേധം സംഘടിപ്പിക്കുന്നവരെയും സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെയും അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന ഒന്നാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124ാം വകുപ്പ്. പ്രതിഷേധിക്കുന്ന തൊഴിലാളികള്‍ക്കെതിരെയും ജനാധിപത്യ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെയും ഈ വകുപ്പ് ഉപയോഗിക്കുകയാണ്. ഇത്തരമൊരു നിയമം ആധുനിക ജനാധിപത്യത്തിന് ആവശ്യമില്ലെന്ന് പലതവണ വ്യക്തമാക്കിയതാണെന്നും എസ്.എഫ്.ഐ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more