വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കാന്‍ സാധിച്ചില്ല; ജെ.എന്‍.യു അക്രമത്തില്‍ പ്രതിഷേധിച്ച് സീനിയര്‍ വാര്‍ഡന്‍ രാജിവെച്ചു; മൗനംവെടിയാതെ വൈസ്ചാന്‍സലര്‍
JNU
വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കാന്‍ സാധിച്ചില്ല; ജെ.എന്‍.യു അക്രമത്തില്‍ പ്രതിഷേധിച്ച് സീനിയര്‍ വാര്‍ഡന്‍ രാജിവെച്ചു; മൗനംവെടിയാതെ വൈസ്ചാന്‍സലര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2020, 12:05 pm

ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി എ.ബി.വി.പി പ്രവര്‍ത്തകരെന്ന് സംശയിക്കപ്പെടുന്ന ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചതിനെ തുടര്‍ന്ന് ജെ.എന്‍.യു ഹോസ്റ്റല്‍ സീനിയര്‍ വാര്‍ഡന്‍ രാജിവെച്ചു.

സബര്‍മതി ഹോസ്റ്റലിലെ മുതിര്‍ന്ന വാര്‍ഡനാണ് രാജിവെച്ചത്. കുട്ടികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ സാധിച്ചില്ല എന്നതാണ് വാര്‍ഡന്റെ രാജിയിലേക്കു നയിച്ചത്.

രാജിയുമായി ബന്ധപ്പെട്ട് വാര്‍ഡന്‍ ഡീന്‍ ഓഫ് സ്റ്റുഡന്റ്‌സിനു കത്തയച്ചു. ഞങ്ങള്‍ ശ്രമിച്ചെങ്കിലും അക്രമം തടയാനോ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കാനോ സാധിച്ചില്ലെന്ന് രാജികത്തില്‍ സീനിയര്‍ വാര്‍ഡന്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ജെ.എന്‍.യു അക്രമത്തെക്കുറിച്ച് രാജ്യമെമ്പാടും ചര്‍ച്ച ചെയ്യുമ്പോഴും ജെ.എന്‍.യു വൈസ് ചാന്‍സലര്‍ മമിദാല ജഗദേഷ് കുമാര്‍ മൗനം വെടിഞ്ഞിട്ടില്ല. നേരത്തെ തന്നെ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സ്റ്റുഡന്‍സ് യൂണിയന്‍ വൈസ് ചാന്‍സലര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജെ.എന്‍.യു അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യം ശക്തമാക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

ഞായറാഴ്ച്ച രാത്രി നടന്ന അക്രമത്തില്‍ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അയിഷെ ഗോഷ് ഉള്‍പ്പെടെ 20ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ജെ.എന്‍.യു ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ രണ്ടരമാസമായി സമരത്തിലാണ്  വിദ്യാര്‍ത്ഥികള്‍.  എന്നാല്‍ ഫീസ് വര്‍ദ്ധനയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് ജെ.എന്‍.യു വൈസ് ചാന്‍സലര്‍ സ്വീകരിച്ചത്. വിസി രാജിവെക്കുകയോ മാനവ വിഭവശേഷി വകുപ്പ് വൈസ്ചാന്‍സലറെ പദവിയില്‍ നിന്ന് നീക്കം ചെയ്യുകയോ വേണമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ