ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റായ കനയ്യ കുമാറിനെതിരെയുള്ള രാജ്യദ്രോഹക്കേസില്‍ അന്വേഷണ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ദല്‍ഹി കോടതി. കുറ്റപത്രം നല്‍കിയശേഷം പലതവണകളായി കേസിലെ വിചാരണ മാറ്റിവെക്കപ്പെടുകയാണെന്നും ഇതു കോടതിയുടെ സമയം നഷ്ടപ്പെടുത്തുന്നു എന്നുമാണ് ചീഫ് മജിസ്ട്രേറ്റ് മനീഷ് ഖുറാന പറഞ്ഞത്.
ഒക്ടോബര്‍ 25 ന്-കേസ് കോടതി പരിഗണിക്കുമെന്നും അതിനുള്ളില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകണമെന്നും ഇദ്ദേഹം അറിയിച്ചു. കനയ്യകുമാറിനെതിരെയുള്ള നടപടികള്‍ ആരംഭിക്കാനുള്ള അനുമതി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ഇതുവരെയും ലഭിച്ചില്ലെന്ന് ദല്‍ഹി പൊലീസ് അറിയിച്ചതിന് ശേഷമാണ് കോടതി ഉത്തരവ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ വര്‍ഷം ജനുവരി 14-നാണ് ജെ.എന്‍.യു വിദ്യാര്‍ഥികളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരടക്കം 10 പേര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കുന്നത്. 2016 ഫെബ്രുവരി ഒമ്പതിന് കാമ്പസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ രാജ്യദ്രോഹപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നാണ് ആരോപണം.
എ.ഐ.എസ്.എഫ് നേതാവ് കൂടിയായ കനയ്യ കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.