ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത് ലഷ്‌കര്‍ ഇ തൊയ്ബയുടെ പിന്തുണയോടുകൂടിയാണെന്ന കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ് നാഥ് സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ നേതാവ് ഹാഫീസ് സയ്യിദ്.
വീഡിയോ സന്ദേശത്തിലൂടെയാണ് ഹാഫിസ് സയ്യിദ് രാജ്‌നാഥ് സിങ്ങിനെതിരെ തുറന്നടിച്ചത്. ഇന്ത്യയുടെ ആഭ്യന്തരമന്ത്രി പറയുന്നത് ഇത്തരമൊരു പ്രതിഷേധത്തിന് പിന്നില്‍ താനാണെന്നാണ്. എന്റെ ട്വീറ്റെന്നും പറഞ്ഞ് ഒരു വ്യാജട്വീറ്റ് അദ്ദേഹം തെളിവായി കാണിക്കുകയും ചെയ്തു.
എന്നാല്‍ എന്റെതല്ലാത്ത ഒരു ട്വീറ്റ് ഉയര്‍ത്തിക്കാണിച്ച് എന്റെ പേര് ഇതില്‍ വലിച്ചിഴച്ചതില്‍ അത്ഭുതം തോന്നുകയാണ്. ഇത്തരമൊരു പ്രതിഷേധത്തിന് പിന്നില്‍ എന്റെ കരങ്ങളില്ല. ഒരു ട്വീറ്റും ഞാന്‍ ഇട്ടിട്ടുമില്ല. അതൊരു വ്യാജ ട്വീറ്റാണ്.
കാശ്മീരിലെ സ്വാതന്ത്ര്യപോരാട്ടത്തെ ഇന്ത്യ നോക്കിക്കാണുന്ന രീതിയില്‍ താന്‍ അത്ഭുതപ്പെടുകയാണെന്നും ഹാഫിസ് സയ്യിദ് പറഞ്ഞു. ഇത്തരമൊരു പ്രതിഷേധത്തിന് പിന്നില്‍ ലഷ്‌കറെ ത്വയിബയുടേയും തന്റേയും കരങ്ങളാണെന്ന് പറഞ്ഞ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി ഇന്ത്യന്‍ ജനതയെ തന്നെ തെറ്റിദ്ധരിപ്പിക്കുകയാണ്.
കാശ്മീര്‍ ജനതയുടെ വികാരങ്ങളെങ്കിലും രാജ്‌നാഥ് സിങ് ഇനിയെങ്കിലും മനസിലാക്കണമെന്നും സയ്യിദ് ആവശ്യപ്പെട്ടു. കാശ്മീരിലെ സ്വാതന്ത്ര്യപോരാട്ടത്തെ തമാശയായി കാണരുത്. കാശ്മീരി വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ടത് താനല്ലെന്ന് ഒരിക്കല്‍ കൂടി പറയുകയാണ്.
നിങ്ങള്‍ അഫ്‌സല്‍ഗുരുവിനെ എങ്ങനെയാണ് തൂക്കിലേറ്റിയതെന്ന് അറിയില്ലേ, കാശ്മീരികള്‍ അവരുടെ മണ്ണില്‍ തന്നെ ക്രൂരമായി കൊലചെയ്യപ്പെട്ടത് എങ്ങനെയെന്ന് നിങ്ങള്‍ക്ക് തന്നെ അറിയില്ലെയെന്നും സയ്യിദ് ചോദിക്കുന്നു.
ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹഫീസ് സയ്യിദിന്റെ പിന്തുണയോടെയാണ് ജെ.എന്‍.യുവില്‍ നടന്ന പ്രതിഷേധമെന്നും ഇത്തരം പരിപാടികള് വെച്ചുപൊറുപ്പിക്കില്ലെന്നും സംഭവത്തില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞിരുന്നു.
അഫ്‌സല്‍ ഗുരുവിന്റെ മരണ വാര്‍ഷിക ദിനത്തില്‍ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച പ്രതിഷേധപരിപാടിയുമായി ബന്ധപ്പെട്ടാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ കുമാറടക്കം പത്തോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതിഷേധറാലിക്കിടെ ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസ്.