| Tuesday, 20th March 2018, 8:43 pm

വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച ജെ.എന്‍.യു അധ്യാപകനു അറസ്റ്റിനു പിന്നാലെ ജാമ്യം; പരാതി നല്‍കിയത് ഒന്‍പത് വിദ്യാര്‍ത്ഥിനികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത അധ്യാപകനു കോടതി ജാമ്യം അനുവദിച്ചു. ജെ.എന്‍.യുവില്‍ പ്രൊഫസറായ അതുല്‍ ജോഹ്രിയ്ക്കാണ് അറസ്റ്റിനു പിന്നാലെ കോടതി ജാമ്യം അനുവദിച്ചത്.

തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ഒന്‍പത് വിദ്യാര്‍ത്ഥിനികളുടെ പരാതിയിലായിരുന്നു ജോഹ്രിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാട്യാല കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ക്ലാസ്സെടുക്കുന്നതിനിടെ മോശമായ രീതിയില്‍ അധ്യാപകന്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നുവെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ പരാതി. നേരത്തെ വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്ന് അധ്യാപകനെതിരെ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല.

ഇതേത്തുടര്‍ന്ന് അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലായിരുന്നു. സര്‍വ്വകലാശാലയിലെ നൂറിലധികം വരുന്ന വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

തുടര്‍ന്ന് വസന്ത് കുഞ്ജ് പൊലീസ് സ്റ്റേഷനിലേക്ക് പ്രക്ഷോഭം സംഘടിപ്പിച്ച വിദ്യാര്‍ഥികളെ പൊലീസ് തടയുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു.

എന്നാല്‍ മതിയായ അറ്റന്‍ഡന്‍സ് ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ അതിന്റെ പേരില്‍ തന്നോട് പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നെന്നും വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നെന്നുമാണ് ജോഹ്രി സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരുന്നത്.

വിദ്യാര്‍ത്ഥിനികളെ അപമാനിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട അധ്യാപകനു നിമിഷങ്ങള്‍ക്കകം ജാമ്യം ലഭിച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more