മതതീവ്രവാദമെന്നാല്‍ ഇസ്‌ലാം തീവ്രവാദം മാത്രം, വളര്‍ത്തിയത് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍; വിവാദത്തിലായി ജെ.എന്‍.യുവിലെ പുതിയ കോഴ്‌സ്
national news
മതതീവ്രവാദമെന്നാല്‍ ഇസ്‌ലാം തീവ്രവാദം മാത്രം, വളര്‍ത്തിയത് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍; വിവാദത്തിലായി ജെ.എന്‍.യുവിലെ പുതിയ കോഴ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th August 2021, 12:41 pm

ന്യൂദല്‍ഹി: ഭീകരവിരുദ്ധതയെക്കുറിച്ചുള്ള ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ പുതിയ കോഴ്‌സ് വിവാദത്തില്‍. മതതീവ്രവാദം എന്നാല്‍ ജിഹാദി തീവ്രവാദം മാത്രമാണെന്നുള്ള രീതിയിലാണ് തീവ്രവാദ വിരുദ്ധതയെക്കുറിച്ചുള്ള പുതിയ കോഴ്‌സ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

’21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ മതമൗലികവാദത്തെ അടിസ്ഥാനമാക്കി വളര്‍ന്നുവന്ന ഭീകരവാദം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഖുറാനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടായിരുന്നു ഈ ഭീകരവാദം വളര്‍ന്നത്. ഇത് ഭീകരപ്രവര്‍ത്തനങ്ങളിലൂടെ നടക്കുന്ന മരണങ്ങളെ മഹത്വവത്കരിക്കുന്ന ജിഹാദിസ്റ്റ് അക്രമങ്ങളുടെ വളര്‍ച്ചക്കും വഴിവെച്ചു,’ എന്നാണ് കോഴ്‌സിലെ ‘മൗലികവാദവും മതഭീകരവാദവും അതിന്റെ ആഘാതങ്ങളും’ എന്ന ഭാഗത്ത് പറയുന്നത്.

റാഡിക്കല്‍ ഇസ്‌ലാമിക് മതപുരോഹിതന്മാര്‍ സൈബര്‍ ഇടങ്ങള്‍ ദുരുപയോഗം ചെയ്തത് ലോകമെമ്പാടും ജിഹാദി തീവ്രവാദ ആശയങ്ങള്‍ വ്യാപിക്കുന്നതിന് കാരണമായെന്നും കോഴ്‌സിന്റെ പാഠഭാഗങ്ങളില്‍ പറയുന്നുണ്ട്.

കോഴ്‌സിലെ ‘സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ഭീകരവാദം: സ്വാധീനവും ആഘാതവും’ എന്ന ഭാഗത്ത് ചൈനയെയും റഷ്യയെയും മാത്രം പരാമര്‍ശിക്കുന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളായ സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും ഭീകരവാദമാണ് തീവ്ര ഇസ്‌ലാമിക് രാജ്യങ്ങളെ സ്വാധീനിച്ചിട്ടുള്ള പ്രബലമായ സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ഭീകരവാദമെന്നാണ് ഈ ഭാഗത്ത് പറയുന്നത്.

ആഗസ്റ്റ് 17ന് ചേര്‍ന്ന സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ യോഗത്തിലായിരുന്നു കോഴ്‌സിന് അംഗീകാരം നല്‍കിയത്. എന്നാല്‍ യോഗത്തില്‍ കോഴ്‌സ് സംബന്ധിച്ച് യാതൊരു വിധ ചര്‍ച്ചകളും നടത്താന്‍ അനുവദിച്ചില്ലെന്ന് ജെ.എന്‍.യു അധ്യാപക സംഘടന പരാതിപ്പെട്ടു.

കോഴ്‌സ് രൂപീകരണത്തില്‍ താന്‍ ഭാഗമായിരുന്നില്ല എന്നാണ് ജെ.എന്‍.യുവിന്റെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡീന്‍ ആയ അശ്വിനി മൊഹപത്ര ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.

അതേസമയം, ജെ.എന്‍.യുവിന്റെ സെന്റര്‍ ഫോര്‍ കനേഡിയന്‍, യു.എസ് ആന്‍ഡ് ലാറ്റിന്‍ അമേരിക്കന്‍ സ്റ്റഡീസ് ചെയര്‍പേഴ്‌സണ്‍ അരവിന്ദ് കുമാര്‍, താനാണ് കോഴ്‌സ് രൂപകല്‍പന ചെയ്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചു.

എന്തുകൊണ്ടാണ് ഒരു മതത്തെ മാത്രം മതഭീകരവാദത്തിന്റെ ഭാഗത്ത് പരാമര്‍ശിച്ചത് എന്ന ചോദ്യത്തിന്, ”ഇസ്‌ലാമിക് ഭീകരവാദം എന്നത് ലോകം തിരിച്ചറിഞ്ഞ വസ്തുതയാണ്. താലിബാന്‍ മുന്നേറ്റങ്ങള്‍ക്ക് ശേഷം ഇതിന് ആക്കം കൂടിയിട്ടുണ്ട്,” എന്നായിരുന്നു കുമാര്‍ പ്രതികരിച്ചത്.

തന്റെ അറിവില്‍ ഇസ്‌ലാമല്ലാതെ മറ്റൊരു മതവും ഭീകരവാദപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ബന്ധങ്ങളില്‍ ബിരുദാനന്തരബിരുദം ചെയ്യുന്ന എഞ്ചിനീയറിംഗ് ബി.ടെക് ബിരുദധാരികള്‍ക്കുള്ള കോഴ്‌സാണ് വിവാദത്തിലായിരിക്കുന്നത്. സെപ്റ്റംബര്‍ 20നായിരിക്കും ഇവരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: JNU new course on Counter-Terrorism says Jihadi terrorism is the only form of fundamentalist-religious terrorism