| Friday, 12th October 2018, 8:18 am

നജീബ് ഐ.എസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ പിന്‍വലിക്കണം; മാധ്യമങ്ങളോട് ഹൈകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തിന് പിന്നാലെ ജെ.എന്‍.യുവില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ നജീബ് അഹ്മദ് ഐ.എസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ മാധ്യമങ്ങള്‍ക്ക് ദല്‍ഹി ഹൈകോടതിയുടെ നിര്‍ദേശം. നജീബിന്റെ മാതാവ് ഫാത്തിമ നഫീസ കോടതിയില്‍ ഫയല്‍ചെയ്ത മാനനഷ്ടക്കേസിലാണ് ഉത്തരവ്.

ചാനലുകളും പത്രങ്ങളും ഇതുസംബന്ധിച്ച് മുഴുവന്‍ വാര്‍ത്തകളും ലിങ്കുകളും പിന്‍വലിക്കണം. മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കോടതി ആവശ്യപ്പെട്ടു.

നജീബ്‌ ഐ.എസ് വിഡിയോ നിരന്തരം കാണുമായിരുന്നെന്നും സംഘടനയില്‍ ചേര്‍ന്നിരിക്കാമെന്നുമുള്ള വാര്‍ത്തകളായിരുന്നു മാധ്യമങ്ങളില്‍ വന്നത്.


Read Also : എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മാത്രം ക്ഷേത്രങ്ങള്‍ക്കായി ചെലവാക്കിയത് 70 കോടി രൂപ: കടകംപള്ളി സുരേന്ദ്രന്‍


നജീബ് അഹമ്മദ് ഐ.എസിനെക്കുറിച്ച് വിവരങ്ങള്‍ തേടിയിരുന്നെന്ന് കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ദല്‍ഹി പൊലീസ് പറഞ്ഞിരുന്നു.

എ.ബി.വി.പി പ്രവര്‍ത്തകരുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്നതിനു മുമ്പ് നജീബ് ഐ.എസ് നേതാവിന്റെ പ്രസംഗത്തിന്റെ വീഡിയോ കാണുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പിറ്റേദിവസമാണ് നജീബിനെ കാണാതാവുന്നത്. നജീബ് ഒരു ഓട്ടോറിക്ഷയില്‍ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.

എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തിന് പിന്നാലെയാണ് 2016 ഒക്ടോബര്‍ 15ന് ഉത്തര്‍പ്രദേശ് ബദായുന്‍ സ്വദേശിയായ നജീബിനെ കാമ്പസില്‍നിന്ന് കാണാതാവുന്നത്. തിരോധാനം സംബന്ധിച്ച കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക്‌ ഹൈകോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

ഈമാസം 29ന് കേസ് വീണ്ടും പരിഗണിക്കും.

Latest Stories

We use cookies to give you the best possible experience. Learn more