എ.ബി.വി.പി പരാതിയിൽ ഇടത് സ്ഥാനാർഥിയുടെ പത്രിക തള്ളി; ജെ.എൻ.യുവിൽ ബാപ്സക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുസഖ്യം
national news
എ.ബി.വി.പി പരാതിയിൽ ഇടത് സ്ഥാനാർഥിയുടെ പത്രിക തള്ളി; ജെ.എൻ.യുവിൽ ബാപ്സക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുസഖ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd March 2024, 9:38 am

ന്യൂ ദൽഹി: പോളിങ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ദൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാല തെരഞ്ഞെടുപ്പിൽ ജനാധിപത്യ അട്ടിമറി. എ.ബി.വി.പിയുടെ പരാതിയിൽ ഇടതുസഖ്യത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായ സ്വാതി സിങിന്റെ പത്രിക വെള്ളിയാഴ്ച്ച പുലർച്ച രണ്ടോടെ സർവകലാശാല അധികൃതർ തള്ളി. എന്നാൽ അയോഗ്യയാക്കിയ കാര്യം രാവിലെ ഒമ്പതിന് പോളിങ് തുടങ്ങനിരിക്കെയാണ് സ്വാതിയെ അറിയിച്ചത്.

എല്ലാ ചട്ടങ്ങളും മറികടന്ന് ഗ്രിവൻസ് സെൽ തള്ളിയത് പതിനാറിന് നടന്ന സൂക്ഷ്മ പരിശോധനയിൽ അംഗീകരിച്ച പത്രികയാണ്. ചട്ടപ്രകാരം രൂപീകരിച്ച കമ്മീഷന്റെ അധികാരം മറികടന്നാണ് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സർവ്വകലാശാലയുടെ നീക്കം. വികാസ് പട്ടേലാണ് പരാതിക്കാരൻ. ഇയാൾ എ.ബി. വി.പി യൂണിറ്റ് സെക്രട്ടറിയാണ്.

മുമ്പ് 2023ൽ ക്യാമ്പസിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് സ്വാതിക്കെതിരെ നടപടി എടുത്തിരുന്നു. എന്നാൽ കഴിഞ്ഞ മാസം ദൽഹി കോടതി ഈ നടപടി റദ്ദാക്കിയിരുന്നു. ഇത് മറച്ചുവെച്ച് എ. ബി. വി. പി നൽകിയ പരാതിയിലാണ് നടപടി.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും തെരഞ്ഞെടുപ്പ് പോളിങ് ദിവസം അയോഗ്യയാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പറഞ്ഞുകൊണ്ട് സ്വാതി ക്യാമ്പസിൽ നിരാഹാരം ആരംഭിച്ചു.

എ.ബി.വി.പിയുടെ പരാജയം ഉറപ്പാക്കാനായി ബാപ്സയുടെ പ്രിയാൻഷി ആര്യക്ക് ഇടതുപക്ഷം പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാവിലെ ആരംഭിച്ച പോളിങ് രണ്ടുഘട്ടമായി നടത്തി, രാത്രി എട്ട് മണിയോടെയാണ് പൂർത്തിയാക്കിയത്. വോട്ടെണൽ 24നാണ്.

Content Highlight: JNU Left candidate’s paper was rejected on ABVP’s complaint, a democratic coup