| Monday, 2nd May 2016, 3:42 pm

പട്ടാമ്പിയില്‍ മത്സരിക്കുന്നത് ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ രാജ്യദ്രോഹിയെന്ന് മുസ്‌ലീം ലീഗ് മുഖപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്ടാമ്പി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ രാജ്യദ്രോഹിയെന്ന് മുസ്‌ലീം ലീഗ് മുഖപത്രം.

പട്ടാമ്പി സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് മുഹ്‌സിനും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായ കനയ്യകുമാറും രാജ്യദ്രോഹികളാണെന്നാണ് ലീഗ് മുഖപത്രം പറയുന്നത്.

“രാജ്യദ്രോഹിയായി സുപ്രീം കോടതി തൂക്കിലേറ്റാന്‍ വിധിച്ച അഫ്‌സല്‍ഗുരുവിനെ രാജ്യസ്‌നേഹിയായി വാഴ്ത്തി പുതിയൊരു പുതിയൊരു പട്ടാമ്പിക്കാരന്‍” എന്നാണ് ലീഗ് മുഖപത്രത്തില്‍ പട്ടാമ്പിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് മുഹ്‌സിനെ കുറിച്ച് എഴുതുന്നത്.

രാജ്യത്തിന്റെ അഭിമാനമായ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസിസില്‍ രാജ്യദ്രോഹിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചയാളാണ് ഈ അവതാരമെന്നും ലീഗ് മുഖപത്രം പറയുന്നു.

കാത്തുകാത്തിരുന്ന പട്ടാമ്പി സീറ്റ് കളയരുതെന്ന് കരുതിയാണ് ഈ അഭിനവ നനമ്പൂതിരിപ്പാടിനെ വലതുപക്ഷ കമ്യൂണിസ്റ്റുകാര്‍ ട്രെയിനില്‍ കയറ്റി പട്ടാമ്പി സ്റ്റേഷനില്‍ കൊണ്ടിറക്കിയതെന്നാണ് ലീഗ് മുഖപത്രത്തിന്റെ കണ്ടുപിടുത്തം.

ഇടതുമുന്നണിക്ക് പ്രത്യേകിച്ചും സി.പി.എമ്മുകാര്‍ക്ക് സി.പി.ഐ നേതാക്കളെയാരേയും വേണ്ടെന്നും പയ്യനെങ്കില്‍ പയ്യനെന്ന നിലയിലാണ് ഈ കാരാട്ടുകാരന് നിയമസഭയിവലേക്ക് ടിക്കറ്റ് നല്‍കിയതെന്നുമാണ് ലീഗ് മുഖപത്രം പറയുന്നത്.


കനയ്യകുമാറാണ് ഗുരുവെങ്കില്‍ എന്തുമാകാമെന്നാണ് സി.പി.ഐ.എമ്മുകാര്‍ പറയുന്നതെന്നും ആ വഴിക്ക് കിട്ടുന്ന വോട്ടുകള്‍ എങ്ങനെയെങ്കിലും പെട്ടിയിലാക്കാനുമാണ് അവര്‍ നോക്കുന്നതെന്നും പത്രം പരിഹസിക്കുന്നു.

എന്നാല്‍ മുഹമ്മദ് മുഹ്‌സിനെയും , കനയ കുമാറിനെയും രാജ്യദ്രോഹി ആക്കിയതില്‍ മുസ്‌ലിം ലീഗ് മാപ്പ് പറയണമെന്ന ആവശ്യം സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്.

ജെ.എന്‍.യുവില്‍ എ.ഐ.എസ്.എഫുകാര്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തി എന്നത് ഇന്ത്യയില്‍ ആര്‍.എസ്.എസുകാര്‍ മാത്രം പ്രചരിപ്പിക്കുന്ന ഒരു നുണയാണെന്നും ഇപ്പോള്‍ രണ്ടാമതായി ഇതു പറയുന്നത്മുസ്ലിം ലീഗുകാരാണെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്.

ജെ.എന്‍.യുവില്‍ അഫ്‌സല്‍ഗുരു അനുസ്മരണം തടയാന്‍ എ.ബി.വി.പിക്കാര്‍ ശ്രമിച്ചപ്പോള്‍ വിദ്യാര്‍ത്ഥി പക്ഷത്തുനില്‍ക്കുക മാത്രമാണ് കനയ്യകുമാര്‍ പ്രസിഡന്റായ ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ ചെയ്തതെന്നും ഡി.എസ്.യു എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ നടന്ന അഫ്‌സല്‍ഗുരു അനുസ്മരണത്തില്‍ ആ സംഘടനയുമായി ഒരു ബന്ധവുമില്ലാത്ത കനയ്യകുമാറിനെതിരെ കൃതൃമ വീഡിയോ ചുമത്തി രാജ്യദ്രോഹം കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നത് ലോകം മുഴുവന്‍ അറിയുന്ന കാര്യമാണെന്നും സോഷ്യല്‍മീഡിയയില്‍ ചിലര്‍ വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more