| Thursday, 9th January 2020, 10:31 am

അക്രമം നടന്ന് 72 മണിക്കൂര്‍; മുഖംമൂടി സംഘത്തെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകിപ്പിച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ വിദാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന് ദല്‍ഹി പൊലീസ്.

മുഖംമൂടി ധരിച്ചെത്തിയ പ്രതികളെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അക്രമം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ആരെയൊക്കെ ആക്രമിക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് അക്രമി സംഘം ജെ.എന്‍.യുവിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് ക്യാംപസിനകത്തു നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അക്രമി സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ജെ.എന്‍.യുവില്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് വ്യത്യസ്ത കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കിയത്.

സംഭവത്തിന്റെ വീഡിയോ ഫൂട്ടേജ് കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് ഫൊറന്‍സിക് വിഭാഗത്തിന്റെ സഹായത്താല്‍ പരിശോധിച്ച് വരികയായിരുന്നു. ക്യാംപസിലെത്തിയും ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചിരുന്നു.

ജെ.എന്‍.യു വിഷയത്തില്‍ 12ല്‍ അധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. അതേസമയം അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ ശനിയാഴ്ച്ച രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more