ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി പതുക്കെ തകര്‍ക്കപ്പെടുമെന്ന് വിഖ്യാത ചരിത്രകാരി റോമില ഥാപ്പര്‍. വിമര്‍ശനാത്മക ചിന്താഗതിയെ ഇത്തരത്തില്‍ അടിച്ചമര്‍ത്തുകയാണെങ്കില്‍ യൂണിവേഴ്‌സിറ്റിയെന്ന ആശയത്തെ തന്നെ അതു തകര്‍ക്കുമെന്നും അവര്‍ പറഞ്ഞു.
യാഥാര്‍ത്ഥ്യം എന്ന തരത്തില്‍ ഭാവനാത്മകമായ സിദ്ധാന്തങ്ങള്‍ കുത്തിത്തിരുകുകയെന്ന ഭീഷണി ചരിത്രം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ജെ.എന്‍.യുവിന്റെ ആദ്യ വൈസ് ചാന്‍സലര്‍ ഗോപാല്‍സ്വാമി പാര്‍ഥസാരഥിയും മറ്റു നിരവധി പേരും അതീവശ്രദ്ധയോടെ ഈ സ്ഥാപനത്തെ കെട്ടുപ്പടുത്തുയര്‍ത്താന്‍ സഹായിച്ചവരാണെന്നും അവര്‍ വ്യക്തമാക്കി.
“ജെ.എന്‍.യുവിനെ ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളിലൊന്നാക്കി മാറ്റാന്‍ ജി.പി വലിയ തോതില്‍ പരിശ്രമിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികള്‍ക്കൊപ്പം ഇതു റാങ്ക് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാലിപ്പോള്‍, പതുക്കെ പതുക്കെ ഇതിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.” അവര്‍ പറഞ്ഞു. ഗോപാല സ്വാമി പാര്‍ത്ഥസാരഥിയെക്കുറിച്ചുള്ള “ജി.പി 1912-1995 ” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ.എന്‍.യു ഉള്‍പ്പെടെയുള്ള യൂണിവേഴ്‌സിറ്റികളെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്നും സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും ഒരു വിഭാഗം അക്കാദമിക്കുകളില്‍ നിന്നും ആരോപണം ഉയരുന്ന വേളയിലാണ് ഇത്തരം ആരോപണങ്ങളെ ശരിവെച്ചുകൊണ്ട് റോമിലാ ഥാപ്പറും രംഗത്തുവന്നിരിക്കുന്നത്.
യൂണിവേഴ്‌സിറ്റിയെന്നത് ഡിഗ്രി സ്വന്തമാക്കാന്‍ മാത്രമുള്ള ഇടങ്ങളല്ലെന്നും സംശയങ്ങളിലൂടെയും വിമര്‍ശനാത്മകമായ ചോദ്യം ചെയ്യലുകളിലൂടെയും അറിവു വര്‍ധിപ്പിക്കാനുള്ള കേന്ദ്രങ്ങളാണെന്നും അവര്‍ പറഞ്ഞു.