| Tuesday, 19th November 2019, 9:47 pm

'ഫെലോഷിപ്പ് കാശുകൊണ്ട് അവന്‍ വാങ്ങിയ ഫ്രിഡ്ജ് ആ കോളനിയിലെ ആദ്യ ഫ്രിഡ്ജ് ആയിരുന്നു'; ജെ.എന്‍.യുവില്‍ സമരം കത്തുമ്പോള്‍ ചര്‍ച്ചയായി രോഹിത് വെമുലയുടെ സഹപാഠിയുടെ പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെത്തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥിപ്രക്ഷോഭങ്ങള്‍ തുടരുകയാണ്. ജെ.എന്‍.യു വിഷയത്തില്‍ (ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല)എച്ച്.സി.യു മുന്‍ വിദ്യാര്‍ത്ഥിനി ഉണ്ണിമായ ഗോപന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ ചര്‍ച്ചയായിരിക്കുന്നത്.

എച്ച്.സി.യുവില്‍ രോഹിത് വെമുലയുടെ സഹപാഠിയായിരുന്നു ഉണ്ണിമായ. കുറഞ്ഞ ഫീസില്‍ പഠിക്കുന്നെന്നാരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ അവസ്ഥയെ ചൂണ്ടിക്കാട്ടി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള ഉണ്ണിമായയുടെ പോസ്റ്റാണ് ചര്‍ച്ചയാവുന്നത്.

എച്ച്.സി.യുവിലെ സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമല്ല ജെ.എന്‍.യുവിലെ സംഭവവുമെന്ന് ഉണ്ണിമായ പറയുന്നു.

എം.എയ്ക്ക് ചേര്‍ന്നപ്പോള്‍ കൂടെ വന്ന് ചേര്‍ന്ന പിന്നീട് പഠനം നിര്‍ത്തി പോവേണ്ടി വന്ന ആന്ധ്രക്കാരന്‍ സുഹൃത്തിനെയും ആത്മഹത്യ ചെയ്ത മറ്റൊരു സുഹൃത്ത് രോഹിത് വെമുലയെയും ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫെലോഷിപ്പിന്റെ കാശുകൊണ്ട് രോഹിത് വെമൂല വാങ്ങിയ ഫ്രിഡ്ജ് ആ കോളനിയിലെത്തന്നെ ആദ്യത്തെ ഫ്രിഡ്ജ് ആയിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

മെസ് ഫീസ് വര്‍ധനവിനെതിരെ അഞ്ച് കൊല്ലത്തോളം വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തെ അഡ്രസ് ചെയ്യാതെ കഴിച്ചു കൂട്ടുകയായിരുന്നു വി.സി അപ്പാറാവുവെന്നും ഉണ്ണിമായ പറയുന്നുണ്ട്.

ഉണ്ണിമായ ഗോപന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒന്ന്.
എം എയ്ക്ക് hcu വില്‍ കൂടെ ജോയിന്‍ ചെയ്ത ഒരു ആന്ധ്രാക്കാരന്‍ സുഹൃത്ത് ഉണ്ടായിരുന്നു. ഒരു സെമസ്റ്റര്‍ കഴിഞ്ഞപ്പോള്‍ അവന്‍ ആരോടും പറയാതെ ഡിരെജിസ്റ്റര്‍ ചെയ്തു പോയി. അടുത്ത വര്‍ഷം ജൂനിയറായി വീണ്ടും ജോയിന്‍ ചെയ്തു.

ചോദിച്ചപ്പോള്‍ നാട്ടില്‍ കൃഷി നോക്കാന്‍ പോകേണ്ടി വന്നു, വയസ്സായ അച്ഛനും അമ്മയ്ക്കും ഒറ്റയ്ക്ക് നോക്കി നടത്താന്‍ പറ്റുന്നതിനേക്കള്‍ ഭീകര കൃഷി നഷ്ടം സംഭവിച്ച വര്‍ഷമാണ് വേറെ നിവൃത്തിയില്ലായിരുന്നു എന്ന് പറഞ്ഞു. നിരാശയൊന്നും ഇല്ലായിരുന്നു; ഒരു വര്‍ഷം വൈകി പിജി പൂര്‍ത്തിയാക്കി. വിജയവാഡയില്‍ ബാങ്ക് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍.

രണ്ട്.
പിന്നൊരു രോഹിത് വെമുല ഉണ്ടായിരുന്നു. മരിച്ചു പോയി കേട്ടോ, സിസ്റ്റം കൊന്നു എന്നൊക്കെ പറയുന്നവര്‍ കാണും, മൈന്‍ഡ് ആക്കണ്ട. ആള് ജീവിച്ചിരുന്ന കാലത്ത് ഫെസ്ബുക്കില്‍ ഒരു ഫോട്ടോ സീരീസ് ചെയ്തിരുന്നു. വീടിനേം നാടിനേം പറ്റി.

അതില്‍ കുറേ കുഞ്ഞു മക്കള്‍ ചിരിച്ചോണ്ട് കൂടി നിക്കുന്ന ഒരു ഫ്രിഡ്ജിന്റെ പടമുണ്ട്. അതിന്റെ ക്യാപ്ഷന്‍ ഇങ്ങനെ പോകും: ‘ഫെല്ലോഷിപ്പ് കൊണ്ട് വാങ്ങിയ ഫ്രിഡ്ജ്. എന്റെ കോളനിയിലെ ആദ്യത്തെ ഫ്രിഡ്ജ്. ഞങ്ങളുടെ വീട്ടിലെ സാധനങ്ങളെകാളും കോളനിക്കാരുടെ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞൊരു ഫ്രിഡ്ജ്!’

മൂന്ന്.

മെസ് ഫീസ് വര്‍ദ്ധനയ്ക്ക് എതിരെ ലേഡീസ് ഹോസ്റ്റലില്‍ ഒരു സമരം. വിസി രാമകൃഷ്ണ രാമസ്വാമി സമരക്കാരെ അഡ്രസ് ചെയ്യാന്‍ വരുന്നു. ( ഈ കാര്യത്തില്‍ ആയാള്‍ പിന്നീട് വന്ന അപ്പാറാവുവിനേക്കാള്‍ ഭേദമായിരുന്നു.

അഞ്ച് കൊല്ലം വിസി കസേരയില്‍ സമരക്കാരെ അഡ്രസ് ചെയ്യാതെ കഴിച്ചു കൂട്ടിയ അങ്ങേരെ വെച്ച് നോക്കുമ്പോള്‍ പത്രക്കാരെ കാണാത്ത മോഡിയുടെ മൈന്‍ഡ് സെറ്റ് നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ).

സമരക്കാരോട് കാര്യങ്ങള്‍ ഒക്കെ ചോദിച്ചറിഞ്ഞ ശേഷം അതിര്‍ത്തിയിലെ ജവാന്മാരെ മനസ്സില്‍ ധ്യാനിച്ച് ദാ വരുന്നു ഒരു വാട്ട് അബൗട്ടറി

‘ മള്‍ട്ടിപ്ലസ്സില്‍ പോയി പോപ് കോണ്‍ വാങ്ങുമ്പോള്‍ ഈ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ, മെസ് ഫീസ് മാത്രം ലാഭിച്ചാ മതിയോ?’

ക്ലാസിസം, എലീട്ടിസം എന്നൊക്കെ സമരക്കാര്‍ വിസിക്ക് നേരെ ആക്രോശിക്കുമ്പോള്‍ നിലവിലെ മെസ് ഫീസ് കൂടി താങ്ങാന്‍ വയ്യാതെ മെസ് കാര്‍ഡ് ക്ലോസ് ചെയ്തിട്ട് മെസ് ടൈം കഴിയുമ്പോള്‍ മിച്ചം വരുന്ന ചോറും സാമ്പാറും കഴിക്കാന്‍ അപ്പഴും നിശബ്ദരായി മെസ്സിലേക്ക് കുട്ടികള്‍ കയറിപ്പോകുന്നുണ്ടായിരുന്നു.

എഴുതാന്‍ നിന്നാല്‍ തീരില്ല. ഫെലോഷിപ്പിന്റെ 5000 ത്തില്‍ നിന്നും 8000 ത്തില്‍ നിന്നും മിച്ചം പിടിച്ച് വീട്ടിലേക്ക് അയയ്ക്കുന്നവര്‍, jrf ഉള്ള ആഢ്യ ന്മാരുടെ കാര്യം അതുമല്ല. വര്‍ഷം മുഴുവന്‍ മുണ്ട് മുറുക്കിയുടുത്ത് ഒരുമിച്ച് വരുന്ന പൈസക്ക് കല്യാണം നടത്തുന്നു, വസ്തു വാങ്ങുന്നു, ടിവി വാങ്ങുന്നു, ഒരു കോളനിയിലേക്ക് ആദ്യമായി ഫ്രിഡ്ജ് കൊണ്ട് വരുന്നു…

ഒരു പബ്ലിക് യൂണിവേഴ്‌സിറ്റിയിലെ ചില സാമ്പത്തിക സമരജീവിതങ്ങളാണ് മുകളില്‍ പറഞ്ഞത്. അല്ലാതെ പറയുകയാണെങ്കില്‍ വല്ല അടുക്കളയിലും കിടന്നു തീരില്ല എന്ന ഒറ്റ വാശികൊണ്ട് പഠിച്ചു കൊണ്ടിരിക്കുന്ന വര്‍ഗാതീതരായ പെണ്‍കുട്ടികളുടെ ഷെല്‍ട്ടര്‍ ഹോം, മോടിക്കാലത്ത് മുസ്ലീം പേരില്‍ തട്ടി പൊലിഞ്ഞു പോയ വിദേശ PhD സ്വപ്നങ്ങളുടെ next best alternative, സംഘര്‍ഷങ്ങളുടെ വടക്കു കിഴക്കു നിന്നും കാശ്മീരില്‍ നിന്നും ചിങ്കി എന്നും കള്ള പാകിസ്ഥാനി എന്നും ആക്രോശിക്കപ്പെടാതെ സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന mainland India… HCU ഇതൊക്കെയാണ്.

JNU വിനും മറിച്ചൊരു കഥയാവില്ല പറയാനുണ്ടാവുക. പത്തുരൂപ മുറി വാടകയുള്ള jnu ഇല്ലാതാക്കാനല്ല, പത്തുരൂപ കൂടി വാടക കൊടുക്കേണ്ടാത്ത വിധത്തില്‍ മറ്റു സര്‍വ്വകലാശാലകളെ കൂടി സബ്‌സിദൈസ്ഡ് ചെയ്യുക എന്നതാണ് ഒരു ഉത്തരവാദിത്തപ്പെട്ട ജനത എന്ന നിലയില്‍ നമ്മള്‍ ഡിമാന്‍ഡ് ചെയ്യേണ്ടത്.

നമ്മുടെ കയ്യിലെ തൂവാല സമര സഖാക്കളുടെ നെറ്റിയിലെ ചോര തുടയ്ക്കാനെടുക്കണോ അതോ കോടികള്‍ക്ക് വിലയില്ലാതെ നിര്‍മ്മിച്ചു കൂട്ടിയ പ്രതിമകളിലെ പക്ഷി കാഷ്ഠം തുടയ്ക്കാനെടുക്കണോ എന്നത് അത്രയധികം ബൗദ്ധിക വ്യായാമങ്ങള്‍ ആവശ്യപ്പെടാതെ തീരുമാനിക്കാന്‍ പറ്റേണ്ട ഒരു ചോയ്‌സ് ആകണം.

We use cookies to give you the best possible experience. Learn more