| Thursday, 1st September 2016, 4:48 pm

ജെ.എന്‍.യു തെരെഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ-ഐസ സംഘടനകള്‍ ഒന്നിച്ച് മത്സരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വര്‍ഗീയശക്തികള്‍ക്ക് തിരിച്ചടി നല്‍കുക, ജെ.എന്‍.യുവിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ്.എഫ്.ഐ-ഐസ സഖ്യം തെരെഞ്ഞെടുപ്പിനെ നേരിടുന്നത്.


ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയും സി.പി.ഐ(എം.എല്‍)ന്റെ ഐസ(ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍)യും ഒന്നിച്ച്
മത്സരിക്കും.

വര്‍ഗീയശക്തികള്‍ക്ക് തിരിച്ചടി നല്‍കുക, ജെ.എന്‍.യുവിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ്.എഫ്.ഐ-ഐസ സഖ്യം തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. സെപ്തംബര്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ്.

മാധ്യമപഠന വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയായ മൊഹിത് പാണ്ഡെയാണ്(ഐസ)യാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി. എസ്.എഫ്.ഐ ദല്‍ഹി സംസ്ഥാന വൈസ് പ്രസിഡന്റും ഫിലോസഫിയില്‍ ഗവേഷണ വിദ്യാര്‍ഥിനിയുമായ ശതരൂപ ചക്രവര്‍ത്തി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു.

എറണാകുളം സ്വദേശിയും റഷ്യന്‍ ആന്റ് സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റഡീസില്‍ ഗവേഷണ വിദ്യാര്‍ഥിയുമായ അമല്‍ പി.പിയാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിക്കുന്ന തപരേജ് ഭാഷാപഠന വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്.

ക്യാംപസിലെ എ.ബി.വി.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നിരന്തര പരിശ്രമങ്ങള്‍ക്ക് പിന്നാലെയാണ് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജെ.എന്‍.യുവില്‍ നടന്നത് മുമ്പുണ്ടാകാത്ത വിധത്തിലുള്ള ആക്രമണങ്ങളാണ്.

ജെ.എന്‍.യുവില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പ്രതിരോധിക്കാനാണ് സഖ്യരൂപീകരണമെന്ന് ഐസാ ദേശീയ അധ്യക്ഷ സുചേതാ ഡേ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ജെ.എന്‍.യു തകര്‍ക്കാന്‍ ശ്രമിച്ച ശക്തികളെ പരാജയപ്പെടുത്താനാണ് സഖ്യമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സുനന്ദും പ്രതികരിച്ചു.

ഒരുകാലത്ത് എസ്.എഫ്.ഐയുടെ കുത്തകയായിരുന്ന ജെ.എന്‍.യു ക്യാംപസ് കഴിഞ്ഞ ഒരു ദശകമായി ഐസയുടെ കൈപ്പിടിയിലാണ്. ഇതിന് മുമ്പ് നടന്ന തെരെഞ്ഞെടുപ്പുകളില്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ വിരുദ്ധ ചേരിയിലുമായിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജെ.എന്‍.യുവിനെതിരെ നടക്കുന്ന നീക്കങ്ങളാണ് ഈ വിദ്യാര്‍ഥി സംഘങ്ങളെ ഇപ്പോള്‍ ഒരുമിപ്പിച്ചിരിക്കുന്നത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷനായ കനയ്യ കുമാര്‍ ഉള്‍പ്പെടുന്ന എ.ഐ.എസ്.എഫ് ഉള്‍പ്പെടെയുള്ള ഇടത് വിദ്യാര്‍ഥി സംഘടനകളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more