Kerala News
'ജെ.എന്‍.യുവില്‍ ഗര്‍ഭനിരോധന ഉറകള്‍ നിറഞ്ഞിരിക്കുകയാണ്'; പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ഉറങ്ങുന്നതെന്നും ടി.പി സെന്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 28, 11:50 am
Thursday, 28th November 2019, 5:20 pm

കാസര്‍കോട്: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. ജെ.എന്‍.യുവില്‍ ഗര്‍ഭനിരോധന ഉറകള്‍ നിറഞ്ഞിരിക്കുകയാണെന്നും പെണ്‍കുട്ടികള്‍ കോണ്ടമുപയോഗിച്ചാണ് തലമുടി കെട്ടിവെക്കുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ഉറങ്ങുന്നതെന്നും ആണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിന്നും പെണ്‍കുട്ടികള്‍ ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

40 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇതെന്നും സെന്‍കുമാര്‍ പറഞ്ഞു. ജെ.എന്‍.യു പോലുള്ള സര്‍വകലാശാലകള്‍ ആവശ്യമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

ജെ.എന്‍.യുവില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍ നിലപാട് ചോദിച്ച വിദ്യാര്‍ഥിയോടായിരുനു സെന്‍കുമാറിന്റെ പ്രതികരണം. പെണ്‍കുട്ടി കോണ്ടം കൊണ്ട് മുടി കെട്ടി വെച്ച ചിത്രം ജെ.എന്‍.യുവിലെതാണെന്ന രീതിയില്‍ പ്രചരിച്ചിരുന്നു. ഈ ചിത്രം സെന്‍കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

അതേസമയം, സര്‍വകലാശാലയില്‍ നടക്കുന്ന സെമിനാറിനെതിരെ വിദ്യാര്‍ഥികള്‍ തന്നെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍, വിദ്യാര്‍ഥികളുടെ പ്രതിഷേധം അവഗണിച്ച സര്‍വകലാശാല അധികൃതര്‍ പരിപാടിയുമായി മുന്നോട്ടുപോവുകയായിരുന്നു.

ഇന്ത്യന്‍ ഭരണഘടനയെ പരസ്യമായി വെല്ലുവിളിക്കുന്ന ആര്‍.എസ്.എസ് പ്രചാരകരായ ആളുകളാണ് ഭരണഘടനയെ കുറിച്ച് സംസാരിക്കുന്നതെന്നും ഇതു അനുവദിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക്’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാനെത്തിയ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസിനെ വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിച്ചിരുന്നു.

മോഹന്‍ദാസ് പ്രസംഗത്തിന് വേണ്ടി എഴുന്നേറ്റപ്പോള്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചും മുദ്രാവാക്യം വിളിച്ചും സെമിനാര്‍ ഹാളില്‍നിന്ന് പുറത്തേക്ക് പോയി. തുടര്‍ന്നും മോഹന്‍ദാസ് പ്രബന്ധാവതരണം നടത്തി.