ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വകലാശാലയില്‍ ജനുവരി അഞ്ചിന് കൂട്ടാമായെത്തി വിദ്യാര്‍ത്ഥികളെ ആക്രമിച്ച കാര്യം എ.ബി.വി.പി. പ്രവര്‍ത്തകര്‍ തുറന്നു സമ്മതിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇന്ത്യാ ടുഡേ നടത്തിയ അന്വേഷണത്തിലാണ് അക്രമി സംഘത്തിലുണ്ടായിരുന്ന ജെ.എന്‍.യു.വിലെ എ.ബി.വി.പി പ്രവര്‍ത്തകരായ രണ്ടു വിദ്യാര്‍ത്ഥികള്‍ തുറന്നുപറച്ചിലുമായി രംഗത്തെത്തിയത്.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ അക്ഷത് അവസ്തി, രോഹിത് എന്നിവരാണ് എ.ബി.വി.പി, പുറത്തുനിന്നുമുള്ളവരുടെ സഹായത്തോടെ എങ്ങിനെയാണ് അക്രമം നടത്തിയതെന്ന് വ്യക്തമായി പറയുന്നത്. ഹെല്‍മെറ്റു കൊണ്ട് മുഖം മറച്ച തന്നെ അക്രമ ദിവസം പുറത്ത് വന്ന വീഡിയോയില്‍ അക്ഷത് ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
മറ്റു കോളേജുകളിലെ എ.ബി.വി.പി ഭാരവാഹികളുടെ സഹായത്തോടെയാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും പേരെ ഒന്നിച്ചു കൂട്ടിയതെന്ന് അക്ഷത് പറയുന്നു. ജെ.എന്‍.യുവിലെ 20 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നും മറ്റുള്ളവര്‍ പുറത്തു നിന്നുള്ളവരാണെന്നും ഇവര്‍ പറയുന്നുണ്ട്. മുഖം മറച്ചെത്തിയ നിരവധി അക്രമികളുടെ വിവരങ്ങളും ഇവര്‍ തുറന്നു പറയുന്നുണ്ട്.
അക്രമത്തിന് പൊലീസില്‍ നിന്ന് കൃത്യമായ സഹായം ലഭിച്ചുവെന്നും അക്ഷത് പറയുന്നു. ഇടതു പക്ഷക്കാരായ വിദ്യാര്‍ത്ഥികളെ അടിച്ചൊതുക്കണമെന്ന് ക്യാമ്പസിലുണ്ടായിരുന്ന പൊലീസ് പറഞ്ഞുവെന്നും അക്രമ സമയത്ത് ക്യാമ്പസിലെ തെരുവു വിളക്കുകളെല്ലാം കെടുത്തിയത് പൊലീസ് തന്നെയാണെന്നും അക്ഷത് വെളിപ്പെടുത്തി.
ഇടതുപക്ഷ സംഘടനയില്‍ അംഗങ്ങളായി വിദ്യാര്‍ത്ഥികളെ അക്രമിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് സബര്‍മതി ഹോസ്റ്റലിലേക്ക് എത്തിയതെന്ന് പറഞ്ഞ ഇരുവരും ഇത്തരത്തിലൊരു അക്രമം നടത്തിയതില്‍ അഭിമാനിക്കുന്നതായും വീഡിയോയില്‍ പറയുന്നുണ്ട്.
അക്രമം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ പൊലിസ് അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ കൂടി കേസ് അന്വേഷണത്തില്‍ പരിഗണിക്കുമെന്ന് പൊലിസ് അറിയിച്ചതായി ഇന്ത്യാ ടുഡേ പറയുന്നു.
റിപ്പോര്‍ട്ട് നിഷേധിച്ചുകൊണ്ട് എ.ബി.വി.പി രംഗത്തെത്തിയിട്ടുണ്ട്. അക്ഷതും രോഹിതും സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരല്ലെന്നാണ് എ.ബി.വി.പിയുടെ വാദം.