| Saturday, 29th February 2020, 10:04 am

ദല്‍ഹിയില്‍ ആക്രമിക്കപ്പെട്ടവര്‍ക്ക് ക്യംപസില്‍ അഭയം നല്‍കിയാല്‍ നടപടി; വിദ്യാര്‍ത്ഥിയൂണിയനെ താക്കീതു ചെയ്ത് ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ ദല്‍ഹിയിലെ കലാപത്തില്‍ ഇരകളായവര്‍ക്ക് ക്യാംപസില്‍ അഭയം നല്‍കാന്‍ അനുവദിക്കില്ലെന്ന് യൂണിയനെ താക്കീത് ചെയ്ത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍. ജെ.എന്‍.യു സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രമോദ് കുമാറാണ് ക്യാംപസ് അഭയകേന്ദ്രമാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി നോട്ടീസയച്ചത്.

ക്യാംപസിനകത്ത് അഭയം നല്‍കാന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് യാതൊരു അവകാശവുമില്ല എന്നാണ് നോട്ടീസില്‍ പറയുന്നത്.

‘ജെ.എന്‍.യു ക്യാംപസ് അഭയകേന്ദ്രമാക്കാന്‍ വിദ്യാര്‍ത്ഥി യൂണിയന് നിയമപരമായി അവകാശമില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് കര്‍ശനമായി വിലക്കിയിരിക്കുന്നു. അതില്‍ വീഴ്ചവരുത്തിയാല്‍ നിങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കും. ജെ.എന്‍.യുവിനെ പോലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പഠിക്കാനും ഗവേഷണം നടത്താനുമുള്ള ഇടമായി നിങ്ങള്‍ സൂക്ഷിക്കണം,’ നോട്ടീസില്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനത്തില്‍ ആശങ്കയറിയിച്ച് ക്യാംപസ് ഹോസ്റ്റലിലുള്ളവര്‍ അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ടുവെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

ദല്‍ഹിയിലെ കലാപത്തില്‍ ഇരകളായവര്‍ക്ക് അഭയം നല്‍കാന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥിയൂണിയന്‍ തയ്യാറാണെന്ന് കാണിച്ച് കഴിഞ്ഞ ഫെബ്രുവരി 26ന് ട്വീറ്റ് ചെയ്തിരുന്നു.

‘ജെ.എന്‍.യു ക്യാംപസും ജെ.എന്‍.യുവിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസും സഹായം ആവശ്യമായി വരുന്നവര്‍ക്ക് തുറന്നുകൊടുക്കുന്നതായിരിക്കും’എന്നായിരുന്നു ട്വീറ്റ്.

അതേസമയം ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ മതമൈത്രിയുടെ സൂചകമായി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിരവധി വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ റദ്ദു ചെയ്ത് വടക്കു കിഴക്കന്‍ ദല്‍ഹിയിലെ കലാപത്തില്‍പ്പെട്ട ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ ദല്‍ഹിയിലുണ്ടായ ആക്രമണത്തില്‍ 43 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 52 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

 

We use cookies to give you the best possible experience. Learn more