| Tuesday, 17th December 2019, 12:13 pm

ഫീസ് വര്‍ധനവിനെതിരായ വിദ്യാര്‍ഥി പ്രതിഷേധം നേരിടാന്‍ ഓണ്‍ലൈന്‍ പരീക്ഷയുമായി ജെ.എന്‍.യു അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫീസ് വര്‍ധനവിനെതിരായുള്ള പ്രതിഷേധ സൂചകമായി വിദ്യാര്‍ഥികള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കെ ഓണ്‍ലൈനായി പരീക്ഷ നടത്താനുള്ള നീക്കവുമായി ജെ.എന്‍.യു അധികൃതര്‍.

വാട്‌സ് ആപ്പിലൂടെയും ഇ-മെയിലൂടെയും പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഡിസംബര്‍ 16 ന് വൈസ് ചാന്‍ലറും ഡിപാര്‍ട്‌മെന്റ് ചെയര്‍പേഴ്‌സണ്‍മാരും ആയി നടന്ന കൂടിക്കാഴ്ചയിലാണ് എം.ഫില്‍, പി.എച്ച്.ഡി, എം.എ വകുപ്പുകളിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചതെന്ന് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ ഹെഡ് അശ്വിനി കെ. മഹാപത്ര അറിയിച്ചു.

ഇത് സംബന്ധിച്ച് എല്ലാ ഡിപാര്‍ട്‌മെന്റ് ചെയര്‍പേര്‍സണ്‍സിനും അയച്ച കത്തില്‍ കാമ്പസിലെ അസാധാരണമായ സംഭവങ്ങളെ തുടര്‍ന്നാണ് ഇത്തരം ഒരു തീരുമാനം എടുക്കേണ്ടി വരുന്നതെന്ന് വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഇത്തരത്തില്‍ പരീക്ഷ എല്ലാ ഡിപാര്‍ട്‌മെന്റുകളിലും നടത്തുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

നിലവിലെ തീരുമാനപ്രകാരം എം.എഫില്‍, എം.എ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ നേരത്തെ തന്നെ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പിലോ ഇമെയിലിലോ നല്‍കും.

വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 21-നകം ഉത്തരങ്ങള്‍ വാട്‌സ് ആപ്പിലൂടെയോ ഇമെയിലൂടെയോ നല്‍കണം. ഇത് സാധ്യമല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ഉത്തരങ്ങള്‍ എഴുതി അധ്യാപര്‍ക്ക് നല്‍കാം.

21 നകം ഉത്തരങ്ങള്‍ അയക്കാനാത്തവര്‍ക്ക് അധിക ദിവസം കൂടി അനുവദിക്കുമെന്നും കത്തില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം ഇത്തരത്തില്‍ പരീക്ഷ നടത്തുമ്പോള്‍ പരീക്ഷയ്ക്ക് എന്ത് ആധികാരികതയാണുള്ളതെന്നും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഉത്തരങ്ങള്‍ എഴുതിയതിനു എന്ത് ഉറപ്പാണുള്ളതെന്നുമുള്ള ചോദ്യത്തിന് നിലവില്‍ സാഹചര്യത്തില്‍ ഇതല്ലാതെ മറ്റൊരു വഴിയില്ലെന്നും വിദ്യാര്‍ത്ഥികളുടെ നല്ല ഭാവിക്കാണ് ഇപ്പോള്‍ മുന്‍ഗണനയുമെന്നാണ് മൊഹപത്ര പറയുന്നത്.

അതേ സമയം ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷനായ ജെ.എന്‍.യു.ടി.എയും ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയനായ ജെ.എന്‍.യു.എസ്.യുവും ഈ തീരുമാനം പരിഹാസ്യമാണെന്നാണ് പ്രതികരിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more