| Monday, 11th April 2022, 8:58 am

ജെ.എന്‍.യുവിലെ എ.ബി.വി.പി ആക്രമണം; പ്രതികളെ തിരിച്ചറിഞ്ഞതായി ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു ഹോസ്റ്റലില്‍ മാംസം വിളമ്പരുതെന്ന് ആവശ്യപ്പെട്ടുള്ള എ.ബി.വി.പി ആക്രമണത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി ദല്‍ഹി പൊലീസ്.

സംഭവത്തില്‍ ഐ.പി.സി സെക്ഷന്‍ -323/341/509/506/34 എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി ലഭിച്ചതെന്നും ദല്‍ഹി പൊലീസ് അറിയിച്ചു.

‘തെളിവുകള്‍ ശേഖരിക്കുന്നതിനും കുറ്റവാളികളെ തിരിച്ചറിയുന്നതിനുമായി കൂടുതല്‍ അന്വേഷണം തുടരുകയാണ്,’ ദല്‍ഹി പോലീസിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാത്രിയായിരുന്നു ഹോസ്റ്റലില്‍ മാംസം വിളമ്പരുതെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി ആക്രമണം നടത്തിയത്. പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലില്‍ കയറി എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ക്യാമ്പസിനകത്ത് അതിക്രമിച്ചെത്തിയ എ.ബി.വി.പി കല്ലേറ് നടത്തുകയും വിദ്യാര്‍ത്ഥികളെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. ആക്രമണത്തില്‍ പരിക്കേറ്റവരെ കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Content Highlights:  JNU ABVP Attack-  Delhi Police says probe on to collect evidence, identify culprits
We use cookies to give you the best possible experience. Learn more