ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം യു.എസില്‍ നടന്ന പരിപാടിയ്ക്കിടെ സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചതിന് പിന്നാലെ എഴുത്തുകാരി
ജെ.കെ. റൗളിങ്ങിന് വധഭീഷണി. ട്വിറ്ററിലൂടെ റൗളിങ്ങ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പരിപാടിയ്ക്കിടെ സ്റ്റേജിലേക്ക് ഓടിക്കയറിയ അക്രമി റുഷ്ദിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. റുഷ്ദി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും സംഭവത്തെ അപലപിക്കുന്നുവെന്നുമായിരുന്നു റൗളിങ്ങിന്റെ പോസ്റ്റ്. ഇതിന് താഴെയാണ് ‘പ്രയാസപ്പെടേണ്ട, അടുത്തത് നിങ്ങളാണ്’ (Dont worry, You are next) എന്ന കമന്റ് എത്തിയത്.
റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഹാദി മറ്റാറിനെ അനുകൂലിച്ചുള്ള കമന്റുകളും അയാള്‍ പങ്കുവെച്ചിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്ക് ശേഷം റുഷ്ദി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. വെന്റിലേറ്ററില്‍ നിന്നും കഴിഞ്ഞ ദിവസം മാറ്റിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
സംസാരശേഷി വീണ്ടെടുക്കാനായിട്ടില്ല എന്നും കൈ ഞരമ്പുകള്‍ അറ്റു പോയതായും ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതകളും ആശുപത്രി അധികൃതര്‍ മുന്നോട്ടുവെച്ചിരുന്നു.
യു.എസിലെ ന്യൂയോര്‍ക്കില്‍ ഒരു വേദിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം ഉണ്ടായത്.
വേദിയിലിരുന്ന റുഷ്ദിക്ക് നേരെ പാഞ്ഞെത്തിയ അക്രമി അദ്ദേഹത്തെ ഇടിക്കുകയും കത്തി കൊണ്ട് ശക്തമായി കുത്തുകയുമായിരുന്നു. കഴുത്തിലും വയറിലുമാണ് റുഷ്ദിക്ക് കുത്തേറ്റത്. കരളിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
ന്യൂജേഴ്സിയില്‍ താമസിക്കുന്ന ഹാദി മറ്റാര്‍ എന്ന 24കാരനാണ് റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ബാഗ് വേദിക്കരികില്‍ നിന്നും കണ്ടെത്തിയെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
സാത്താനിക് വേഴ്സസ് എന്ന പുസ്തകം എഴുതിയതിന് ശേഷം റുഷ്ദിക്ക് നേരെ വധഭീഷണി നിലനിന്നിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സല്‍മാന്‍ റുഷ്ദിക്ക് നേരെ നിരന്തരം വധഭീഷണികള്‍ വരാറുണ്ട്. വിവാദമായ സാത്താനിക് വേഴ്സസ് എന്ന കൃതിയുടെ പ്രസിദ്ധീകരണത്തിന് ശേഷമായിരുന്നു വധഭീഷണികള്‍ വരാന്‍ തുടങ്ങിയത്. ഈ പുസ്തകം ഇസ്‌ലാമിനെ നിന്ദിക്കുന്നു എന്നാരോപിച്ച് ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. ഇന്ത്യയാണ് പുസ്തകം ആദ്യമായി നിരോധിച്ചത്.
1981ലെ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ അടക്കമുള്ള വിഖ്യാതമായ കൃതികളുടെ രചയിതാവാണ് ബുക്കര്‍ പ്രൈസ് ജേതാവായ റുഷ്ദി. ഇന്ത്യന്‍- ബ്രിട്ടീഷ് പൗരനായ റുഷ്ദി കഴിഞ്ഞ 20 വര്‍ഷമായി യു.എസിലാണ് താമസിക്കുന്നത്.
Content Highlight: JK Rowling receives death threat for condemning the attack on Salman rushdie