| Monday, 12th August 2019, 1:19 pm

ഉമര്‍ അബ്ദുള്ളയും മെഹ്ബൂബയും കരുതല്‍ തടങ്കലിലായിട്ട് ഒരാഴ്ച; വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയാതെ കശ്മീര്‍ ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ഒരാഴ്ച മുന്‍പ് സൈന്യം കരുതല്‍ തടങ്കലിലാക്കിയ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും എവിടെയെന്നു പറയാന്‍ വിസമ്മതിച്ച് സംസ്ഥാന ഭരണകൂടം. ഇന്നലെ ശ്രീനഗറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അതില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറി.

സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍, ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി എം.കെ ദിവേദി, ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സയ്യിദ് ആബിദ് റഷീദ് ഷാ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

ഒരാഴ്ച മുന്‍പ് ഉമര്‍, മെഹ്ബൂബ, സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരെ ആദ്യം വീട്ടുതടങ്കലിലാക്കിയ സൈന്യം, പിന്നീട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടി വന്നശേഷം കരുതല്‍ തടങ്കലിലാക്കുകയായിരുന്നു.

രാഷ്ട്രീയ നേതാക്കള്‍ക്കു പുറമേ അഭിഭാഷകരെയും സാമൂഹ്യപ്രവര്‍ത്തകരെയും തടവില്‍ വെച്ചിട്ടുണ്ട്.

തടങ്കലിലാകുന്നതിന് ഒരുദിവസം മുന്‍പ്, തങ്ങള്‍ തടവിലാകാന്‍ പോകുന്നുവെന്നു വ്യക്തമാക്കിയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും ഇരുവരും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഓഗസ്റ്റ് അഞ്ചിനു ശേഷം ഇരുവരും ട്വീറ്റ് ചെയ്തിട്ടില്ല.

എത്ര അറസ്റ്റ് നടന്നു, എത്ര പ്രതിഷേധങ്ങള്‍ നടന്നു, പരിക്കുകളുടെയും മരണത്തിന്റെയും എണ്ണം തുടങ്ങിയ കാര്യങ്ങളിലൊന്നും ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞില്ല. ഇക്കാര്യത്തില്‍ മറുപടി പറയാവുന്ന അവസ്ഥയല്ല നിലനില്‍ക്കുന്നതെന്നായിരുന്നു ദിവേദിയുടെ പ്രതികരണം.

ഒരുവര്‍ഷത്തേക്ക് കരുതല്‍ തടങ്കലില്‍ വ്യക്തികളെ വെയ്ക്കാമെന്നും വേണമെങ്കില്‍ അക്കാലയളവ് നീട്ടാമെന്നും ദിവേദി പറഞ്ഞു.

ഈദ് ആഘോഷം സുഗമമായി നടക്കാനാണ് ഇന്നലെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് കന്‍സാല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more