ശ്രീനഗര്‍: ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് യൂണിറ്റിന്റെ പത്രസമ്മേളനം പൊലീസ് തടഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് രവീന്ദര്‍ ശര്‍മയെ പാര്‍ട്ടി ആസ്ഥാനത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഷഹീദി ചൗക്ക് പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച പത്രസമ്മേളനത്തിനിടെ ഒരു സംഘം പൊലീസ് എത്തുകയും സമ്മേളനത്തില്‍ സംസാരിക്കാനിരിക്കുന്ന ശര്‍മയോട് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിളിപ്പിച്ചുവെന്നും അവരോടൊപ്പം വരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍ ശര്‍മ ആവശ്യം തള്ളി. തനിക്ക് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാനുണ്ടെന്ന് വിശദീകരണവും നല്‍കി. പിന്നാലെ അദ്ദേഹത്തെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
‘നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന്’ പാര്‍ട്ടിയുടെ ഒ.ബി.സി യൂണിറ്റ് ചെയര്‍മാന്‍ സുരേഷ് കുമാര്‍ ഡോഗ്ര മാധ്യമങ്ങളോട് പ്രതികരിച്ചു.
ശര്‍മ്മയെ കസ്റ്റഡിയില്‍ എടുത്തത് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ശര്‍മയെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.