| Saturday, 23rd June 2018, 6:03 pm

ജീവന്‍ വേണമെങ്കില്‍ ഒത്തുതീര്‍പ്പ് മാധ്യമപ്രവര്‍ത്തനം നടത്തണമെന്ന് കശ്മീര്‍ ബി.ജെ.പി എം.എല്‍.എ, ഇല്ലെങ്കില്‍ ശുജാഅത് ബുഖാരിയുടെ ഗതിവരുമെന്നും ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജോലി നിയന്ത്രിച്ചില്ലെങ്കില്‍ കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊല്ലപ്പെട്ട ശുജാഅത് ബുഖാരിയുടെ ഗതിവരുമെന്ന് കശ്മീര്‍ ബി.ജെ.പി എം.എല്‍.എയും കഠ്‌വ സംഭവത്തില്‍ ആരോപണവിധേയനുമായ ചൗധരി ലാല്‍ സിങ്. കഠ്‌വ സംഭവത്തില്‍ കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ മോശം സാഹചര്യമുണ്ടാക്കിയെന്ന് പറഞ്ഞാണ് എം.എല്‍.എ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയത്.

നിങ്ങള്‍ക്ക് എങ്ങനെ ജീവിക്കണമെന്നതിനനുസരിച്ച് ഇപ്പോള്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തനത്തെ തിരുത്തണം. നിങ്ങള്‍ക്ക് ബഷാറത് ബുഖാരിക്ക് സംഭവിച്ചത് പോലെ ജീവിക്കണോ ? ചൗധരി ലാല്‍ സിങ് ചോദിച്ചു.

ബഷാറത് ബുഖാരിയുടെ സഹോദരനാണ് ശുജാഅത് ബുഖാരി. ഇക്കഴിഞ്ഞ പി.ഡി.പി-ബി.ജെ.പി മന്ത്രിസഭയില്‍ നിയമം, പാര്‍ലമെന്ററി വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് ബഷാറതായിരുന്നു.

കഠ്‌വ സംഭവത്തില്‍ പ്രതികളായവര്‍ക്ക് വേണ്ടി ഹിന്ദു ഏകതാ മഞ്ച് നടത്തിയ റാലിയില്‍ പങ്കെടുത്ത എം.എല്‍.എമാരിലൊരാളാണ് ചൗധരി ലാല്‍ സിങ്.

We use cookies to give you the best possible experience. Learn more