ചണ്ഡീഗഡ്: ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി ജെ.ജെ.പി. ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാളയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.
നേരത്തെ ഹരിയാനയിലെ മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ ബി.ജെ.പിക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പിക്ക് സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനെതിരെ അവകാശവാദങ്ങള്‍ നിരത്തി ബി.ജെ.പി രംഗത്തെത്തി. തങ്ങള്‍ക്ക് 43 എം.എല്‍.എമാരുടെ പിന്തുണ ഉണ്ടെന്നും ഇതിന് പുറമേ ജെ.ജെ.പിയിലെ നാല് വിമത എം.എല്‍.എമാര്‍ പാര്‍ട്ടിയെ പിന്തുണക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ 47 പേരുടെ പിന്തുണ ബി.ജെ.പിക്ക് ലഭിക്കുമെന്നും സംസ്ഥാന നേതൃത്വം കൂട്ടിച്ചേര്‍ത്തു.
ഹരിയാനയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത് 45 പേരുടെ പിന്തുണയാണ്. എന്നാല്‍ ബി.ജെ.പിക്ക് 45 എം.എല്‍.എമാരുടെ പിന്തുണ ഇല്ലെന്നാണ് ജെ.ജെ.പി ആവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടത് അനിവാര്യമാണെന്നും ജെ.ജെ.പി നേതൃത്വം പറഞ്ഞു.
കഴിഞ്ഞ മാസം സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നതിനാല്‍ ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും ബി.ജെ.പി അവകാശപ്പെട്ടു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. ബി.ജെ.പി സര്‍ക്കാര്‍ താഴെ വീണാല്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് കഴിഞ്ഞ ദിവസം ജെ.ജെ.പി പ്രതികരിച്ചിരുന്നു.
കര്‍ഷക സമരവും, ഗുസ്തി താരങ്ങളുടെ സമരവുമെല്ലാം ഹരിയാനയില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് സര്‍വേ റിപ്പോര്‍ട്ടുകളടക്കം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായാല്‍ അത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായി മാറാനും സാധ്യതയുണ്ട്.
Content Highlight: JJP sent a letter to the governor demanding that the BJP government prove its majority in Haryana