ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; ഹരിയാന സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും: ജെ.ജെ.പി
national news
ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; ഹരിയാന സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും: ജെ.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2024, 5:36 pm

ചണ്ഡീഗഡ്: ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും ജെ.ജെ.പി (ജനനായക് ജനത പാർട്ടി) നേതാവുമായ ദുഷ്യന്ത് ചൗട്ടാല. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായ ഭൂപീന്ദര്‍ സിങ് ഹൂഡക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.

ഭൂപീന്ദര്‍ സിങ് ഹൂഡ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ തയ്യാറായാല്‍ ജെ.ജെ.പിയുടെ മുഴുവന്‍ എല്‍.എ.എമാരും ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരെ വോട്ട് ചെയ്യുമെന്ന് ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കി. 90 അംഗങ്ങളുള്ള ഹരിയാന നിയമസഭയില്‍ ജെ.ജെ.പിക്ക് 10 എം.എല്‍.എമാരാണുള്ളത്.

ഹരിയാനയിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു ജെ.ജെ.പി. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് തര്‍ക്കത്തെ തടുര്‍ന്ന് ജെ.ജെ.പി സഖ്യം അവസാനിപ്പിക്കുകയായിരുന്നു. 2019ലെ ബി.ജെ.പി-ജെ.ജെ.പി സര്‍ക്കാരില്‍ ജെ.ജെ.പിയുടെ ദുഷ്യന്ത് ചൗട്ടാല ആയിരുന്നു ഉപമുഖ്യമന്ത്രി.

ചൊവ്വാഴ്ച ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിനെ വെട്ടിലാക്കി മൂന്ന് എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചിരുന്നു. സ്വതന്ത്ര എം.എല്‍.എമാരാണ് പിന്തുണ പിന്‍വലിച്ചത്. ഇതോടെ 90 അംഗ നിയമസഭയില്‍ ബി.ജെ.പി സര്‍ക്കാരിനുള്ള കേവല ഭൂരിപക്ഷം നഷ്ടമായി.

ദാദ്രിയില്‍ നിന്നുള്ള എം.എല്‍.എ സോംബിര്‍ സാംഗ്വാന്‍, നിലോഖേരിയില്‍ നിന്നുള്ള എം.എല്‍.എ ധരംപാല്‍ ഗോന്ദര്‍, പുന്ദ്രിയില്‍ നിന്നുള്ള എം.എല്‍.എ രണ്‍ധീര്‍ ഗോലന്‍ എന്നിവരാണ് മുഖ്യമന്ത്രി നയാബ് സൈനിക്കുള്ള പിന്തുണ പിന്‍വലിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ കോണ്‍?ഗ്രസിനെ പിന്തുണക്കുമെന്നാണ് വിവരം.

ഇതോടെ നിയമസഭയില്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ 42 ആയി കുറഞ്ഞു. 34 എം.എല്‍.എമാരാണ് സഭയില്‍ നിലവില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നത്. ബി.ജെ.പി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം കോണ്‍ഗ്രസിന്റെ ആഗ്രഹം നിറവേറ്റാന്‍ ഹരിയാനയിലെ ജനങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നയാബ് സൈനി പ്രതികരിച്ചു. സംസ്ഥാനത്ത് സര്‍ക്കാരിന് യാതൊരു വിധത്തിലുമുള്ള പ്രതിസന്ധിയുമില്ലെന്നും സൈനി പറഞ്ഞു.

Content Highlight: JJP leader Dushyant Chautala has said that he will support the Congress if it moves a no-confidence motion against the BJP government in Haryana