ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനായി ജീതു പത്വാരിയെ നിയോഗിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കമൽ നാഥിന് പകരക്കാരനായാണ് ചുമതല.
അടിയന്തര പ്രാബല്യത്തോടെ ജീതു പത്വാരിയെ മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി ദേശീയ അധ്യക്ഷൻ നിയമിക്കുകയാണെന്നും കമൽ നാഥിന്റെ സംഭവനകൾക്ക് പാർട്ടി നന്ദി പറയുന്നതായും വാർത്താ കുറിപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
അതേസമയം ചത്തീസ്ഗഡ് നിയമസഭയിൽ കോൺഗ്രസ് പാർട്ടി അധ്യക്ഷനായി ഭൂപേഷ് ബാഗേലിന് പകരം ചരൺ ദാസ് മെഹന്ദിനെയും നിയോഗിച്ചു. ലോക്സഭാ എം.പി ദീപക് ബൈജ് ഛത്തീസ്‌ഗഡ് കോൺഗ്രസ് അധ്യക്ഷനായി തുടരും.
മധ്യപ്രദേശിൽ ഉമാങ് സിംഗർ കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവാകും. ഹേമന്ത് കട്ടരെയാണ് ഉപ നേതാവ്.
ഇരു സംസ്ഥാനങ്ങളിലും ഒ.ബി.സി, ആദിവാസി സമുദായങ്ങളിലെ നേതാക്കളെയാണ് ചുമതലപ്പെടുത്തിയത്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ കമൽ നാഥിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നിൽക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
Content Highlight: Jitu Patwari replaces Kamal Nath as Madhya Pradesh Congress Chief