സിനിമാപ്രേമികള്‍ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമായിരുന്നു ആവേശം. വിഷു റിലീസായി എത്തിയ ചിത്രത്തില്‍ രംഗന്‍ എന്ന കഥാപാത്രമായി ഫഹദ് ഫാസിലായിരുന്നു നായകന്‍. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്.
ആവേശത്തിന്റെ ടീസര്‍ പുറത്തുവന്നത് മുതല്‍ പ്രേക്ഷകര്‍ ഈ സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. കട്ടിമീശയും കൂളിങ് ഗ്ലാസുമണിഞ്ഞ് കഴുത്തില്‍ ഗോള്‍ഡിന്റെ ചെയിനുമിട്ട് വെള്ള പാന്റും ഷര്‍ട്ടും ധരിച്ച് ബെംഗളൂരിലെ ഒരു ലോക്കല്‍ ഗുണ്ടയുടെ ലുക്കിലാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്.
കണ്ണുകള്‍ കൊണ്ട് പോലും അഭിനയിച്ചു കാണിക്കാന്‍ കഴിയുന്ന ഫഹദിന് സിനിമയില്‍ കണ്ണട നല്‍കിയത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ജിത്തു മാധവന്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘ഫഹദിനെ കുറിച്ച് കണ്ണുകള്‍ കൊണ്ട് അഭിനയിക്കുന്ന നടന്‍ എന്ന് പറയുന്നത് കൊണ്ടാണ് നമ്മള്‍ കണ്ണട വെച്ചു കൊടുത്തത്. കണ്ണ് കൊണ്ടല്ലാതെ അഭിനയിക്കട്ടെ എന്ന് കരുതി (ചിരി). ചുമ്മാ പറഞ്ഞതാണ് കേട്ടോ. ഈ കഥാപാത്രത്തിന്റെ ഒരു ഭാഗമാണ് ആ കണ്ണട.
ഒന്നാമത്തെ കാര്യം, നമുക്ക് ഈ കഥാപാത്രമായി ഫഹദ് ഫാസിലിനെ വേണ്ടിയിരുന്നില്ല എന്നതാണ്. ഫഹദിനെ ഈ കഥാപാത്രത്തില്‍ നിന്ന് കട്ട് ചെയ്യണമായിരുന്നു. ഒരുപക്ഷെ ശ്രദ്ധിച്ചാല്‍ മനസിലാകും, ഒരു ചെറിയ സ്‌ക്രീനില്‍ പോലും ഫഹദ് നോര്‍മലായിട്ടല്ല ഇരിക്കുന്നത്.
ആവേശത്തില്‍ ഫഹദ് ഫാസിലായിട്ട് അയാള്‍ക്ക് ഒരു സീനില്ല. ആ വരിഞ്ഞു മുറുകല്‍ അല്ലെങ്കില്‍ പിരിമുറുക്കം പുള്ളി സിനിമയില്‍ മെയിന്‍ടൈയ്ന്‍ ചെയ്തിട്ടുണ്ട്. നമുക്ക് പോസ്റ്ററിന് വേണ്ടി എടുത്ത സ്റ്റില്‍സ് കാണുമ്പോള്‍ തന്നെ അത് ഷോട്ടിന്റെ സമയത്ത് എടുത്തതല്ലെന്ന് മനസിലാകും.
ഇത് ഉപയോഗിക്കരുത്, ഇതില്‍ ഫഹദ് ഫഹദായിട്ട് തന്നെയാണ് ഇരിക്കുന്നതെന്ന് ഞങ്ങള്‍ പറയും. മുഖം കാണുമ്പോള്‍ തന്നെ ആ സ്റ്റില്‍സ് ഷോട്ടിന്റെ സമയത്ത് എടുത്തതാണോ അതോ വെറുതെ ഇരിക്കുമ്പോള്‍ എടുത്തതാണോ എന്ന കാര്യം മനസിലാകും. ഷൂട്ടിന്റെ സമയത്ത് ഉള്ള സ്റ്റില്ലില്‍ മറ്റൊരു ഭാവമാണ്,’ ജിത്തു മാധവന്‍ പറഞ്ഞു.
Content Highlight: Jithu Madhvan Talks About Fahadh Faasil