| Thursday, 18th April 2024, 12:05 pm

തെലുങ്കില്‍ അല്ലു അര്‍ജുന്‍ ബിസിയായത് കൊണ്ട് ആ റോളിലേക്ക് ഹിപ്സ്റ്റര്‍: ജിത്തു മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആറ് ദിവസം കൊണ്ട് 50 കോടി കളക്ഷന്‍ നേടിയ ചിത്രമാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു ആവേശം.

വിഷു റിലീസായി എത്തിയ ചിത്രം സിനിമാപ്രേമികള്‍ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ അജു എന്ന കഥാപാത്രമായി എത്തിയത് പ്രണവ് രാജ് എന്ന ഹിപ്സ്റ്ററായിരുന്നു.

താരത്തെ എങ്ങനെയാണ് ആവേശത്തിലേക്ക് കൊണ്ടുവന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇവരെ ഓരോരുത്തരെയും ഒരുപാട് ആളുകളില്‍ നിന്ന് ഒഡീഷന്‍ ചെയ്ത് എടുത്തതാണ്. ഇവരൊക്കെ വന്നതിന് ശേഷമാണ് ആര് ഏത് കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തീരുമാനിക്കുന്നത്.

അജുവിന്റെ കഥാപാത്രം ചെയ്യാന്‍ വേണ്ടി തെലുങ്കില്‍ അല്ലു അര്‍ജുന്‍ മലയാളത്തില്‍ ഹിപ്സ്റ്റര്‍ എന്ന രണ്ട് ഓപ്ഷനുകളായിരുന്നു ഉണ്ടായിരുന്നത്. അല്ലു അര്‍ജുന്‍ ബിസിയായത് കൊണ്ട് ഹിപ്സ്റ്ററിനെ കൊണ്ടുവന്നു (ചിരി),’ ജിത്തു മാധവന്‍ പറഞ്ഞു.

സിനിമ ഷൂട്ട് ചെയ്ത സമയത്ത് രോമാഞ്ചം തോന്നിയ ഒരു നിമിഷം ഏതാണെന്ന ചോദ്യത്തിനും സംവിധായകന്‍ അഭിമുഖത്തില്‍ മറുപടി പറയുന്നു. അങ്ങനെ ഒന്ന് മാത്രമായി പറയാന്‍ കഴിയില്ലെന്നാണ് ജിത്തു മാധവന്‍ പറഞ്ഞത്.

‘അങ്ങനെ ഒന്ന് മാത്രമായി പറയാന്‍ കഴിയില്ല. ഒരുപാട് മൊമെന്റുകള്‍ ഉണ്ടായിരുന്നു. ആളുകള്‍ക്ക് തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ ഒച്ചയിടാന്‍ തോന്നുന്നതും കയ്യടിക്കാന്‍ തോന്നുന്നതുമായ എല്ലാ സീനുകളും ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് അതേ ഇമോഷന്‍സ് കിട്ടിയിരുന്നു.

ഒരു സീന്‍ കട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും അങ്ങനെയാണ്. പ്രേക്ഷകര്‍ക്ക് സിനിമ കാണുമ്പോള്‍ കിട്ടുന്ന ഇമോഷന്‍ എനിക്ക് ഷൂട്ട് ചെയ്യുമ്പോള്‍ കിട്ടണമായിരുന്നു,’ ജിത്തു മാധവന്‍ പറഞ്ഞു.


Content Highlight: Jithu Madhavan Talks About Hipster And Allu Arjun

We use cookies to give you the best possible experience. Learn more