ആവേശം സിനിമയില്‍ ക്ലിക്ക് ആവാന്‍ പോകുന്നത് ഫഹദിന്റെ ഈ ഡയലോഗ്; പിന്നില്‍ നസ്രിയ: ജിത്തു മാധവന്‍
Entertainment
ആവേശം സിനിമയില്‍ ക്ലിക്ക് ആവാന്‍ പോകുന്നത് ഫഹദിന്റെ ഈ ഡയലോഗ്; പിന്നില്‍ നസ്രിയ: ജിത്തു മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th April 2024, 10:44 pm

സിനിമാപ്രേമികള്‍ ഇന്ന് ഏറെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

വെള്ള പാന്റും ഷര്‍ട്ടും ധരിച്ച് കഴുത്തില്‍ ഗോള്‍ഡിന്റെ ചെയിനുമിട്ട് ബെംഗളൂരിലെ ഒരു ലോക്കല്‍ ഗുണ്ടയുടെ ലുക്കിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്.

ആവേശത്തിന്റെ ടീസര്‍ പുറത്തുവന്നത് മുതല്‍ പ്രേക്ഷകര്‍ ഈ സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ടീസറില്‍ റീ ഇന്‍ട്രഡ്യൂസിങ് ഫഹദ് ഫാസില്‍ എന്ന ടാഗോടെയായിരുന്നു ഫഹദിനെ കാണിച്ചത്. ആ സീനില്‍ ഫഹദിന്റെ ‘എടാ മോനേ’ എന്ന ഒരു ഡയലോഗും ഉണ്ടായിരുന്നു.

അത് ഫഹദിന്റെ കയ്യില്‍ നിന്ന് തന്നെ വന്നതാണെന്ന് പറയുകയാണ് സംവിധായകന്‍ ജിത്തു മാധവന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അത് ഷാനുവിന്റെ കയ്യില്‍ നിന്ന് തന്നെ വന്നതാണ്. അതുകേട്ട ശേഷമാണ് ഇത് സിനിമയില്‍ പൂര്‍ണമായും ഉപയോഗിക്കാമെന്ന് തീരുമാനിക്കുന്നത്. കഥ പറയുമ്പോള്‍ ‘എടാ മോനെ’ എന്ന ഒരു ഡയലോഗ് ഉണ്ടായിരുന്നു.

അത് ഡയലോഗിന്റെ ഇടയിലെ ഒരു പോര്‍ഷന്‍ മാത്രമായിരുന്നു. അല്ലാതെ അതിനെ മെയിന്‍ ഡയലോഗ് എന്ന രീതിയില്‍ കൊണ്ടുവരാന്‍ പ്ലാന്‍ ചെയ്തിരുന്നില്ല. അങ്ങനെ കൊണ്ടുവരുന്നത് ഷാനു പറഞ്ഞു കേട്ടതിന് ശേഷമാണ്.

ആ ഡയലോഗ് പറഞ്ഞു കേട്ടപ്പോള്‍ അതില്‍ ഒരു രസം തോന്നി. എനിക്ക് തോന്നുന്നത് നസ്രിയയാണ് ആദ്യം അത് പറയുന്നത് എന്നാണ് . എടാ മോനെ കൊള്ളാല്ലോ എന്ന് നസ്രിയ പറയുകയായിരുന്നു. അത് വലിയ സ്‌ട്രൈക്കിങ് ആണെന്ന് തോന്നുകയായിരുന്നു,’ ജിത്തു മാധവന്‍ പറഞ്ഞു.

ഫഹദ് ഫാസിലിന്റെ ഒരു കൊമേഷ്യല്‍ പടമെന്ന രീതിയിലാണ് ആവേശത്തെ കുറിച്ച് സംസാരിച്ചു തുടങ്ങുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. ഫഹദിനെ എങ്ങനെ റീബ്രാന്‍ഡ് ചെയ്തു എന്ന ചോദ്യത്തിന് മറുപടിയായാണ് സംവിധായകന്‍ ഈ കാര്യം പറഞ്ഞത്.

‘ഫഹദിന്റെ ഒരു കൊമേഷ്യല്‍ പടമെന്ന രീതിയിലാണ് ആവേശത്തെ കുറിച്ച് സംസാരിച്ചു തുടങ്ങുന്നത്. സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ ഫഹദ് ഇതില്‍ എന്തും ചെയ്യാന്‍ തയ്യാറാണ് എന്ന പോലെ റെഡിയായി നിന്നു. എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാമെന്ന രീതിയില്‍ പടം ഷൂട്ട് ചെയ്യുകയായിരുന്നു,’ ജിത്തു മാധവന്‍ പറഞ്ഞു.


Content Highlight: Jithu Madhavan Talks About Eda Mone Dialogue In Aavesham Movie