| Sunday, 21st April 2024, 10:55 am

ശരിക്കും കുറച്ച് വെപ്രാളം കൂടിയ ആളാണവൻ, അതിന്റെ മൂന്ന് മടങ്ങ് എനർജി അവൻ ആവേശത്തിന് നൽകി: ജിത്തു മാധവൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ നായകനായ ചിത്രം തിയേറ്ററിൽ തകർത്തോടുകയാണ്.

ഫഹദിനൊപ്പം മുഴുനീള വേഷത്തിൽ എത്തിയ കഥാപാത്രമാണ് സജിൻ ഗോപു അവതരിപ്പിച്ച അമ്പാൻ എന്ന ഗുണ്ട കഥാപാത്രം. ചിത്രത്തിൽ ഏറ്റവും ചിരിപ്പിച്ച ഒരു കഥാപാത്രം കൂടിയാണ് അമ്പാൻ.

രോമാഞ്ചത്തിൽ നിരൂപ് എന്ന വേഷത്തിൽ എത്തിയതും സജിൻ ഗോപു തന്നെയായിരുന്നു. എന്നാൽ അതിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് അമ്പാൻ. അമ്പാനാവാൻ സജിനെ തന്നെ തെരഞ്ഞെടുത്തതിനെ കുറിച്ച് പറയുകയാണ് സംവിധായകൻ.

എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന ആളാണ് സജിനെന്നും അടങ്ങി ഇരിക്കാൻ അവന് കഴിയാറില്ലെന്നും ജിത്തു പറയുന്നു. അവന്റെ എനർജിയുടെ മൂന്ന് മടങ്ങ് വേണ്ട കഥാപാത്രമാണ് അമ്പാനെന്നും അവനത് നന്നായി ചെയ്തിട്ടുണ്ടെന്നും ജിത്തു പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സജിന് പറ്റുന്ന ഒരു കഥാപാത്രമായിരുന്നു അത്. രോമാഞ്ചത്തിൽ അഭിനയിച്ചു എന്നത് മാറ്റി നിർത്തിയാൽ ആവേശത്തിലെ ഈ കഥാപാത്രം വളരെ ആപ്റ്റായിരുന്നു അവന്. രോമഞ്ചത്തിൽ ആൾ ഭയങ്കര സട്ടിലായിട്ടുള്ള ഒരു കഥാപാത്രമായിരുന്നു.

അവൻ ശരിക്കും അങ്ങനെയല്ല. അവനെ പിടിച്ചു നിർത്താനായിരുന്നു ബുദ്ധിമുട്ട്. എന്തെങ്കിലും പറയുമ്പോൾ അവൻ ഇങ്ങനെ ഇളകി പറയും. ഡയലോഗ് പറയുമ്പോൾ ബോഡി അനക്കാതെ പറയിപ്പിക്കുക എന്നതായിരുന്നു അവനെ വെച്ച് എനിക്ക് ചെയ്യാനുള്ള കാര്യം.

ശരിക്കും കുറച്ച് വെപ്രാള കൂടുതലുണ്ടവന്. ഒട്ടും അനങ്ങാതെ ഇരിക്കാൻ പറ്റത്തില്ല. എന്തെങ്കിലുമൊക്കെ എപ്പോഴും ചെയ്‌തുകൊണ്ടിരിക്കണം. ഇവിടെ ഇരിക്കുകയൊക്കെയാണെങ്കിൽ ചിലപ്പോൾ ഇവിടെ കൊട്ടികൊണ്ടിരിക്കും. ചിലപ്പോൾ കാലിളക്കും. നമ്മൾ തിയേറ്ററിലൊക്കെ ഇരിക്കുമ്പോൾ സീറ്റ്‌ മുഴുവൻ ഇളകും അവൻ കാലിളക്കുമ്പോൾ.

അങ്ങനെയൊരു ക്യാരക്ടറാണ് പുള്ളി. അവന്റെ ആ എനർജി യൂസ് ചെയ്യാനാണ് ആവേശത്തിലെ അമ്പാൻ എന്ന കഥാപാത്രം ചെയ്യാൻ വിളിച്ചത്. അമ്പാനാവാൻ അവന്റെ ഒറിജിനൽ എനർജിയുടെ ഒരു മൂന്ന് മടങ്ങ് കൂടുതൽ വേണം. അവനത് എന്തായാലും ചെയ്തിട്ടുമുണ്ട്,’ജിത്തു മാധവൻ പറയുന്നു.

Content Highlight: Jithu Madhavan Talk About Why He Choose Sajin Gopu To Avesham Movie Character

Latest Stories

We use cookies to give you the best possible experience. Learn more