| Sunday, 21st April 2024, 8:25 am

പാട്ട് ഹിറ്റാവുമെന്ന് ഉറപ്പായിരുന്നു, പക്ഷെ ആ വാക്കിന് വേണ്ടി അവൻ കുറെ വാദിച്ചു; ഇല്ലുമിനാറ്റി പാട്ടിനെ കുറിച്ച് ജിത്തു മാധവൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റീ ഇൻട്രൊഡ്യൂസിങ് ഫഫ എന്ന ടാഗ്‌ലൈനോടെ ഫഹദിനെ അഴിച്ചു വിട്ട ചിത്രമാണ് ആവേശം.

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതലേ ഹൈപ്പിൽ കയറിയ പടമാണ് ആവേശം. രോമാഞ്ചം പോലെ തന്നെ സിറ്റുവേഷണൽ കോമഡികൾക്ക് മുൻഗണന നൽകി ഒരുക്കിയ ചിത്രമാണിത്.

രോമാഞ്ചം ഇറങ്ങിയ സമയത്ത് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്ന പാട്ടുകളായിരുന്നു സുഷിൻ ശ്യാം ഒരുക്കിയ ആദരാഞ്ജലി നേരട്ടെ, ആത്മാവേ പോ എന്നിവ. ചിത്രത്തിന്റെ മൂഡ് ക്രീയേറ്റ് ചെയ്യുന്നതിൽ വലിയ പങ്കുവഹിക്കാൻ പാട്ടുകൾക്ക് കഴിഞ്ഞിരുന്നു. ആവേശത്തിലേക്ക് വരുമ്പോഴും ചിത്രത്തിലെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോൾ ടോപ് ലിസ്റ്റിൽ നിൽക്കുന്ന പാട്ടാണ് ‘ഇല്ലുമിനാറ്റി’. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ തന്നെയാണ് ഇതിനും സംഗീതം ഒരുക്കിയിട്ടുള്ളത്.

പാട്ടിലെ ഇല്ലുമിനാറ്റി എന്ന വാക്ക് വന്നതിനെ കുറിച്ച് പറയുകയാണ് സംവിധായകൻ ജീത്തു മാധവൻ. ആ വാക്ക് പാട്ടിൽ വേണോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നുവെന്നും എന്നാൽ വേണമെന്ന കാര്യത്തിൽ വിനായകിന് നിർബന്ധമുണ്ടായിരുന്നുവെന്നും ജിത്തു പറയുന്നു. ആ വാക്കിന് പകരം മറ്റൊന്നും ചേരില്ലായെന്ന് വിനായക് പറഞ്ഞപ്പോഴാണ് അത് തെരഞ്ഞെടുക്കുന്നതെന്നും ജിത്തു പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇല്ലുമിനാറ്റി പാട്ടിന്റെ വരികളുടെ കാര്യത്തിൽ ഭയങ്കര സംശയമായിരുന്നു. വിനായകിന് ഈ വാക്ക് വേണമെന്ന് നിർബന്ധമായിരുന്നു. ഈ വാക്കിന് വേണ്ടി വിനയാകിന് ഒരുപാട് സംസാരിക്കേണ്ടി വന്നു. കാരണം ഇത് ഹിറ്റാവുമെന്ന് നമുക്ക് അറിയാമായിരുന്നു. സുഷിൻ അങ്ങനെ ഹിറ്റാവാൻ വേണ്ടി ചെയ്ത പാട്ടാണ്.

ഈ വാക്ക് വേണോ എന്നൊരു ചർച്ച വല്ലാതെ നടന്നിരുന്നു. വിനായക് അതിന് വേണ്ടി ഘോര ഘോരം വാദിച്ചു. കുറെ സംസാരിച്ച് രണ്ട്‌ ദിവസമൊക്കെ കഴിഞ്ഞു. പക്ഷെ ഇല്ലുമിനാറ്റി വേണോ എന്ന കാര്യം തീരുമാനമായിട്ടില്ല. അവസാനം വിനായക് പറഞ്ഞു, ഇനി ഞാൻ നിങ്ങളോട് ഏത്‌ വാക്ക് പറഞ്ഞാലും നിങ്ങൾക്ക് വർക്ക്‌ ആവില്ലായെന്ന്. ഞങ്ങൾ ആലോചിച്ചപ്പോൾ ശരിയാണ്.

ഇനി അത് മാറിട്ട് അവിടെ വേറെന്ത് വന്നിട്ടും കാര്യമില്ല. അതായിരുന്നു അതിന്റെ പ്രത്യേകത. ആ വാക്കില്ലാതെ ആ പാട്ടില്ല,’ജിത്തു മാധവൻ പറയുന്നു.

Content Highlight: Jithu Madhavan Talk About Illuminatty Song In Aavesham Movie

We use cookies to give you the best possible experience. Learn more