കഴിഞ്ഞവർഷം കേരള ബോക്സ് ഓഫീസിനെ പിടിച്ചു കുലുക്കിയ രോമാഞ്ചം എന്ന ചിത്രത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ആവേശം.
ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. രോമാഞ്ചം പോലെ തന്നെ ഹ്യൂമറിന് പ്രാധാന്യം നൽകി കൊണ്ടാണ് ജിത്തു സിനിമ ഒരുക്കിയിട്ടുള്ളത്.
ചിത്രത്തെ കുറിച്ചുണ്ടായിരുന്ന തന്റെ ജഡ്ജ്മെന്റ് കറക്റ്റ് ആയിരുന്നു എന്നാണ് ജിത്തു പറയുന്നത്. താൻ കരുതിയ പോലെ തന്നെ ഹ്യൂമറും രോമാഞ്ചം തരുന്ന സീനുകളും വർക്കായെന്ന് ജിത്തു പറയുന്നു. ദേശാഭിമാനി പത്രത്തോട് സംസാരിക്കുകയായിരുന്നു ജിത്തു.
‘ആവേശം ഷൂട്ട് ചെയ്യുന്ന സമയത്ത് ചിരി വന്നതും ത്രിൽ അടിച്ചതും ഹൈ കിട്ടിയ തുമായ സീനുകളുണ്ട്. അതെല്ലാം തിയേറ്ററിൽ പ്രേക്ഷകനും അതുപോലെ കി ട്ടുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്. നമ്മുടെ ജഡ്ജ്മെന്റ് ശരിയായിരുന്നെന്ന് മനസ്സിലാകുമ്പോൾ കിട്ടുന്ന ഒരു ധൈര്യമുണ്ട്.
രണ്ട് സിനിമകളും വിജയമായി എന്നത് അടുത്ത സിനിമ ചെയ്യുമ്പോൾ സമ്മർദമുണ്ടാക്കില്ല. ചെയ്യണമെന്ന് തോന്നുമ്പോൾ, ഇഷ്‌ടപ്പെടുന്ന സിനിമ ചെയ്യും,’ജിത്തു മാധവൻ പറഞ്ഞു.
ആവേശം കണ്ട് തന്നെ സിനിമയിലെ ചില ആളുകൾ വിളിച്ചെന്നും മറ്റു ഭാഷകളിലും നല്ല റിവ്യൂവാണ് ചിത്രത്തിന് വരുന്നതെന്നും ജിത്തു പറഞ്ഞു.
‘ആവേശം ഇറങ്ങിയ ശേഷം സിനിമയിൽ പ്രവർത്തിക്കുന്ന ഒരുപാട് പേർ വിളിച്ചു. അവരുടെ പേരുകൾ പറയുന്നില്ല, അതെല്ലാം എൻ്റെ വ്യക്തിപരമായ സന്തോഷമായി സൂക്ഷിക്കാനാണ് ആഗ്രഹം. മലയാളത്തിൽനിന്ന് നല്ല അഭിപ്രായം വരുന്നു. അതിനൊപ്പം തമിഴടക്കം മറ്റു ഭാഷകളിൽനിന്നും നല്ല റിവ്യുകൾ വരുന്നുണ്ട്. അതൊക്കെ വലിയ സന്തോഷമാണ്,’ജിത്തു പറഞ്ഞു.
Content Highlight: Jithu Madhavan Talk About His Judgement About Aavesham