| Sunday, 21st April 2024, 11:49 am

ആവശ്യമില്ലാതെ സ്ത്രീ കഥാപാത്രങ്ങളെ ഉൾപ്പെടുത്തുന്നതിനോട് യോജിപ്പില്ല: ജിത്തു മാധവൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞവർഷം കേരള ബോക്സ് ഓഫീസിനെ പിടിച്ചു കുലുക്കിയ രോമാഞ്ചം എന്ന ചിത്രത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ആവേശം.

ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. രോമാഞ്ചം പോലെ തന്നെ ഹ്യൂമറിന് പ്രാധാന്യം നൽകി കൊണ്ടാണ് ജിത്തു സിനിമ ഒരുക്കിയിട്ടുള്ളത്.

ആദ്യ ചിത്രമായ രോമാഞ്ചം പോലെ തന്നെ ഒരുകൂട്ടം ആണുങ്ങളുടെ കഥയാണ് ആവേശവും പറയുന്നത്. എന്നാൽ ആവേശം ഗംഭീര അഭിപ്രായവുമായി മുന്നേറുമ്പോൾ സോഷ്യൽ മീഡിയ ഡിസ്ക്കഷൻസിൽ ചിലർ ആവേശത്തിലും ഒരു പ്രധാന നായിക കഥാപാത്രം ഇല്ലാത്തതിനെ കുറിച്ച് പറയുന്നുണ്ട്.

എന്നാൽ ഈ വർഷം ഇറങ്ങി ബോക്സ്‌ ഓഫീസിൽ വലിയ വിജയമായ മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, ആടുജീവിതം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഈ പ്രത്യേകത കാണാം. ഒരു കഥയിൽ ആവശ്യമില്ലാത്ത സ്ത്രീകഥാപാത്രങ്ങളെ ഉൾപ്പെടുത്തുന്നതിൽ യോജിപ്പില്ല എന്നാണ് ജിത്തു മാധവൻ പറയുന്നത്. ആവശ്യമില്ലാത്ത ഒരു സ്ത്രീ കഥാപാത്രത്തെ കുത്തിക്കയറ്റിയാൽ അത് സിനിമയിൽ മുഴച്ചു നിൽക്കുമെന്നും ജിത്തു പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രോമാഞ്ചവും ആവേശവും നേരത്തെ പ്ലാൻ ചെയ്ത സിനിമകളല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്. ഈ സിനിമയുടെ കഥയിൽ സ്ത്രീകളില്ല. അവർക്കുള്ള ഇടമില്ല. ആവശ്യമില്ലാതെ സ്ത്രീ കഥാപാത്രങ്ങളെ ഉൾപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ല.

സ്ത്രീ കഥാപാത്രത്തിനായി ഒരു നൃത്തമോ കഥാപാത്രമോ കുത്തി കയറ്റിയാൽ അത് മുഴച്ചു നിൽക്കും. കഥയ്ക്ക് ആവശ്യമില്ലാതെ കാമ്പില്ലാത്ത കഥാപാത്രത്തെ ഉപയോഗിക്കുന്നതാണ് തെറ്റ്. സ്ത്രീകളുടെ കഥ പറയുമ്പോൾ ആവശ്യമില്ലെങ്കിൽ പുരുഷന്മാരും ഉണ്ടാകില്ല. സിനിമയ്ക്ക് അത്യാവശ്യമുള്ളത് മാത്രമേ ഉൾപ്പെടുത്താമോ എന്നാണ് കരുതുന്നത്,’ജിത്തു മാധവൻ പറയുന്നു.

Content Highlight: Jithu Madhavan Says That He Is Disagree with inclusion of female characters unnecessarily

Latest Stories

We use cookies to give you the best possible experience. Learn more