വിഷു റിലീസുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ആദ്യ സിനിമയിലേതെന്ന പോലെ തന്റെ രണ്ടാമത്തെ ചിത്രവും ബെംഗളുരു പശ്ചാത്തലമാക്കിയാണ് ജിത്തു ഒരുക്കിയിട്ടുള്ളത്. ബെംഗളുരുവിലെ രംഗന്‍ എന്ന ഗ്യാങ്സ്റ്ററായിട്ടാണ് ഫഹദ് എത്തുന്നത്.
ചിത്രത്തിലെ ഫഹദിന്റെ ഗെറ്റപ്പിനെക്കുറിച്ച് ആദ്യദിനം തൊട്ടുതന്നെ ചര്‍ച്ചകളുണ്ടായിരുന്നു. വെള്ള ഷര്‍ട്ടും വെള്ള പാന്റും ധരിച്ചെത്തുന്ന രംഗന്‍ ഗെറ്റപ്പും ഡയലോഗും കൊണ്ട് ചട്ടമ്പിനാടിലെ മല്ലയ്യയെയും പെര്‍ഫോമന്‍സ് കൊണ്ട് രാജമാണിക്യത്തിലെ ബെല്ലാരി രാജയെയും പോലെയുണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. അതിനോട് ജിത്തു പ്രതികരിച്ചു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ജിത്തു ഇക്കാര്യം പറഞ്ഞത്.
‘സിനിമ കണ്ട പലരും രാജമാണിക്യം റെഫറന്‍സും ചട്ടമ്പിനാട് റെഫറന്‍സും ഉണ്ടന്ന് പറയുന്നു. പക്ഷേ രംഗന്‍ എന്നുള്ളത് ഫ്രഷ് ആയിട്ടുള്ള ക്യാരക്ടറാണ്. അതുപോലത്തെ ഗുണ്ടകള്‍ ബാംഗ്ലൂരില്‍ ഉണ്ട്. ഈ സിനിമയില്‍ കാണിച്ചതുപോലെയുള്ള സംഭവങ്ങള്‍ ബാംഗ്ലൂരില്‍ നടക്കുന്നുണ്ട്. അതാണ് ഈ സിനിമയുടെ കഥ ഉണ്ടാവാനുള്ള കാരണം. പിന്നെ വെള്ളയും വെള്ളയും ഇട്ട ഗെറ്റപ്പ്, കര്‍ണാടകയിലെ ഗുണ്ടകള്‍ ഭൂരിഭാഗവും അങ്ങനെയാണ്,’ ജിത്തു പറഞ്ഞു.
അതേസമയം ചിത്രം 50കോടി ക്ലബ്ബില്‍ പ്രവേശിച്ചു. ആറ് ദിവസം കൊണ്ടാണ് 50 കോടി നേടിയത്. ഫഹദിന്റെയും ജിതുവിന്റെയും കരിയറിലെ രണ്ടാമത്തെ 50 കോടി ചിത്രമാണ്. ഞാന്‍ പ്രകാശനാണ് ഇതിന് മുമ്പ് 50 കോടി നേടിയ ഫഹദ് ചിത്രം. ജിത്തു മാധവന്റെ ആദ്യ ചിത്രമായ രോമാഞ്ചവും 50 കോടി നേടിയിരുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടൈന്മെന്റ്‌സിന്റെയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമുമാണ് ആവേശം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Jithu Madhavan saying that Ranga in Aavesham is fresh character