| Tuesday, 14th May 2024, 3:28 pm

ആ സിനിമയാണ് ഗ്യാങ്‌സ്റ്റര്‍ കോമഡി ചിത്രങ്ങളുടെ ബെഞ്ച്മാര്‍ക്ക്, ആവേശത്തിനും ആ സിനിമ തന്നെയാണ് റഫറന്‍സ്: ജിത്തു മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആവേശം സിനിമ ഗ്യാങ്സ്റ്റര്‍ കോമഡിയായി എടുക്കാന്‍ തന്നെയാണ് ആദ്യം മുതലേ ആലോചിച്ചതെന്നും അതിന് റഫറന്‍സായത് തമിഴ് സിനിമ ജിഗര്‍തണ്ടയാണെന്ന് സംവിധായകന്‍ ജിത്തു മാധവന്‍. ഗ്യാങ്സ്റ്റര്‍ കോമഡി സിനിമകളുടെ ബെഞ്ച്മാര്‍ക്ക് സിനിമയാണ് ജിഗര്‍തണ്ടയെന്നും ആ സിനമയില്‍ നിന്ന് വ്യത്യസ്തമായി എന്തു ചെയ്യാമെന്നാണ് ആദ്യം മുതലേ ആലോചിച്ചതെന്നും ജിത്തു മാധവന്‍ പറഞ്ഞു.

സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്തും ഷൂട്ടിന്റെ സമയത്തും ജിഗര്‍തണ്ട തന്നെയാണ് മനസില്‍ വന്നതെന്നും ജിത്തു പറഞ്ഞു. ആവേശത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിത്തു ഇക്കാര്യം പറഞ്ഞത്. സിനിമ കണ്ട് പലരും ജിഗര്‍തണ്ടയുമായി താരതമ്യപ്പെടുത്തി സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. ഗ്യാങ്സ്റ്റര്‍ കോമഡി സിനിമകള്‍ ഇനി എത്ര വന്നാലും ആദ്യം ജിഗര്‍തണ്ടയുമായി മാത്രമേ എല്ലാവരും താരതമ്യം ചെയ്യുള്ളൂ എന്നും ജിത്തു കൂട്ടിച്ചേര്‍ത്തു.

‘ജിഗര്‍തണ്ട എല്ലാ കാലത്തും ഗ്യാങ്‌സ്റ്റര്‍ കോമഡി സിനിമകളുടെ ബെഞ്ച്മാര്‍ക്കാണ്. ഇനി എത്ര സിനിമകള്‍ ഗ്യാങ്‌സ്റ്റര്‍ കോമഡി ഴോണറില്‍ വന്നാല്‍ പോലും ജിഗര്‍തണ്ടയുമായി മാത്രമേ ആളുകള്‍ കമ്പയര്‍ ചെയ്യുള്ളൂ. ഈ സിനിമയെപ്പറ്റി ആലോചിച്ചപ്പോള്‍ മുതല്‍ ജിഗര്‍തണ്ട എന്റെ മനസിലുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്താണെങ്കിലും ഷൂട്ടിന്റെ സമയത്താണെങ്കിലും ജിഗര്‍തണ്ടയില്‍ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യാമെന്നാണ് ആലോചിച്ചത്.

കാരണം, അതുവരെ കണ്ടുവന്ന ഗ്യാങ്‌സ്റ്റര്‍ സിനിമകളുടെ രീതി മുഴുവന്‍ മാറ്റിമറിച്ച സിനിമയായിരുന്നു അത്. സംഗീതത്തിന്റെ കാര്യത്തിലും, മേക്കിങിന്റെ കാര്യത്തിലും എല്ലാം പുതുമ നിറഞ്ഞ ഒരു സിനിമയായിരുന്നു ജിഗര്‍തണ്ട. ആവേശം ഷൂട്ട് ചെയ്യുമ്പോള്‍ ജിഗര്‍തണ്ടയുടെ മ്യൂസിക്കില്‍ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യാം എഡിറ്റിങ് പാറ്റേണില്‍ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യാമെന്നൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു,’ ജിത്തു പറഞ്ഞു.

Content Highlight: Jithu Madhavan saying that Jigarthanda was the reference for Aavesham

We use cookies to give you the best possible experience. Learn more