ബോക്‌സ് ഓഫീസില്‍ മലയാളസിനിമയുടെ ഗംഭീര കുതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. തുടര്‍ച്ചയായി ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ ഇറങ്ങിയതോടെ ഇന്‍ഡസ്ട്രിയുടെ സീന്‍ തന്നെ മാറി. ഏറ്റവുമൊടുവില്‍ വിഷു റിലീസായി എത്തിയ വര്‍ഷങ്ങള്‍ക്കു ശേഷവും ആവേശവും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഫീല്‍ ഗുഡ് ചിത്രമായ വര്‍ഷങ്ങള്‍ക്കു ശേഷവും, ആക്ഷന്‍ കോമഡി ഴോണറില്‍ പെടുന്ന ആവേശവും ഒരുപോലെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.
രണ്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുമുണ്ട്. വെവ്വേറെ ഴോണറുകള്‍ ആയതിനാല്‍ ഏത് സിനിമയാണ് സീസണ്‍ വിജയി എന്നുള്ള ചര്‍ച്ചകളാണ് പ്രധാനം. വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ ആദ്യ ഷോ കഴിഞ്ഞ ശേഷമുള്ള പ്രസ് മീറ്റില്‍ വിഷു കപ്പ് വര്‍ഷങ്ങള്‍ക്കു ശേഷത്തിനാണെന്നും ആവേശം സെക്കന്‍ഡ് ഹാഫ് ലാഗാണെന്നും ധ്യാന്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ധ്യാനിന്റെ പ്രസ്താവനക്ക് മറുപടിയുമായി വന്നിരിക്കുകയാണ് ആവേശത്തിന്റെ സംവിധായകന്‍ ജിതു മാധവന്‍. ഫിലിംബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാനിന്റെ പ്രസ്താവനക്ക് മറുപടി നല്‍കിയത്. ആവേശം ബ്ലോക്ക്ബസ്റ്ററായതിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ജിത്തു നല്‍കിയത്.
‘ഒരുപാട് സിനിമകള്‍ ബ്ലോക്ക്ബസ്റ്ററുകളായ വര്‍ഷമാണിത്. അതില്‍ നമ്മുടെ സിനിമയും ഉണ്ടെന്നുള്ളത് വളരെ സന്തോഷമുള്ള കാര്യമാണ്. വോറൊരു പ്രത്യേകതയും നമ്മുടെ സിനിമക്കുണ്ട്. സെക്കന്‍ഡ് ഹാഫ് ലാഗുള്ള സിനിമയാണ് നമ്മള്‍ ബ്ലോക്ക്ബസ്റ്ററാക്കിയത്,’ ജിതു പറഞ്ഞു.
എന്നാല്‍ ഈ പറഞ്ഞത് തമാശയായിട്ടാണെന്നും, എല്ലാ സിനിമകളും ഹിറ്റാവുന്നതില്‍ സന്തോഷമുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട് ഇഷ്ടമായെന്നും, അതുപോലെ ആവേശം കണ്ട് വിനീത് വിളിച്ചിരുന്നുവെന്നും ജിത്തു കൂട്ടിച്ചേര്‍ത്തു.
‘എല്ലാ സിനിമകളും ഹിറ്റാവുന്നതില്‍ സന്തോഷമേ ഉള്ളൂ. വിഷു കപ്പ് എന്ന കോമ്പറ്റിഷന്‍ അല്ല, നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് കൊടുക്കാനാണ് ഞാനും വിനീതുമൊക്കെ ശ്രമിക്കുന്നത്. അത് വിജയിച്ചു കാണുന്നതില്‍ സന്തോഷം. ആവേശം കണ്ട് വിനീതേട്ടനൊക്കെ വിളിച്ചിരുന്നു. ഇഷ്ടമായെന്ന് പറഞ്ഞു,’ ജിത്തു പറഞ്ഞു.
Content Highlight: Jithu Madhavan’s reply to Dhyan Sreenivasan’s statement about Aavesham