2023ല്‍ മലയാളസിനിമയിലെ അപ്രതീക്ഷിത ഹിറ്റായി മാറിയ സിനിമയായിരുന്നു രോമാഞ്ചം. ജിത്തു മാധവന്‍ എന്ന സംവിധായകന്റെ ആദ്യ സിനിമ ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയമായിരുന്നു നേടിയത്. ബംഗളുരുവിലെ ഏഴ് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ഹൊറര്‍ കോമഡി ചിത്രം 60 കോടിക്ക് മുകളിലാണ് കളക്ഷന്‍ നേടിയത്. സൗബിന്‍ ഷാഹിര്‍, സജിന്‍ ഗോപു, ചെമ്പന്‍ വിനോദ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിയാണ് ചിത്രം അവസാനിച്ചത്.
ജിത്തുവിന്റെ രണ്ടാമത്തെ ചിത്രമായ ആവേശവും ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്. റിലീസ് ചെയ്ത് ആറ് ദിവസം പിന്നിടുമ്പോള്‍ 50 കോടിയിലധികം ഇതിനോടകം കളക്ട് ചെയ്തു കഴിഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രോമാഞ്ചത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ജിത്തു സംസാരിച്ചു. രണ്ടാം ഭാഗത്തിനുള്ള ഐഡിയ മനസിലുണ്ടെന്നും എന്നാല്‍ അത് എങ്ങനെ എഴുതണമെന്ന് ഇപ്പോള്‍ അറിയില്ലെന്നും ജിത്തു പറഞ്ഞു.
‘രോമാഞ്ചത്തിന് രണ്ടാം ഭാഗം ഉറപ്പായിട്ടും ഉണ്ടാകും. പക്ഷേ എപ്പോഴാണെന്ന് മാത്രം അറിയില്ല. അതിന്റെ ചെറിയൊരു ഐഡിയ മനസിലുണ്ട്. ഐഡിയ മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ. അതിനെ നല്ലൊരു സ്‌ക്രിപ്റ്റിന്റെ രൂപത്തിലേക്ക് മാറ്റണമല്ലോ. അതിന് എന്തായാലും നല്ല സമയമെടുക്കും. സമയമെടുത്ത് ചെയ്യുന്നതാണ് നല്ലത്. വെറുതെ ഒരു സെക്കന്‍ഡ് പാര്‍ട്ട് ചെയ്തുവെച്ചിട്ട് കാര്യമില്ലല്ലോ.
എന്തായലും രോമാഞ്ചത്തിന് രണ്ടാം ഭാഗം വേണം. അത് എപ്പോള്‍ വരുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. സെക്കന്‍ഡ് പാര്‍ട്ട് ഇതിനെക്കാള്‍ മേലെ നില്‍ക്കുന്ന ഒന്നാവണമെന്നാണല്ലോ നമ്മുടെ ആഗ്രഹം. സമയമാകുമ്പോള്‍ എല്ലാം നടക്കുമെന്ന് തന്നെയാണ് കരുതുന്നത്,’ ജി്തതു പറഞ്ഞു.
സംവിധാനം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങളും 50 കോടി ക്ലബ്ബിലെത്തിച്ച സംവിധായകനാണ് ജിത്തു. രണ്ട് സിനിമകളുടെയും കഥാപശ്ചാത്തലം ബെംഗളുരു ആണെന്നതും മറ്റൊരു കൗതുകകരമായ വസ്തുതയാണ്. ജിത്തുവിന്റെ അടുത്ത സിനിമയും ബെംഗളുരു ബേസ് ചെയ്ത് ആകുമോ എന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്.
Content Highlight: Jithu Madhavan about the second part of Romancham