| Tuesday, 16th April 2024, 5:13 pm

ഫഹദിന്റെ കണ്ണിലെ ഇമോഷൻ താങ്ങാനുള്ള ശേഷി ഈ പടത്തിനില്ല: ജിത്തു മാധവൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു. എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് എന്ന ഗംഭീര നടന്റെ തിരിച്ചുവരവായിരുന്നു.

രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് ചെയ്തത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ. വിഷു – റംസാൻ റിലീസായി തിയേറ്ററിൽ എത്തിയ ചിത്രം ആവേശം മികച്ച അഭിപ്രായവുമായി തീയേറ്ററിൽ മുന്നേറുകയാണ്.

താരത്തിന്റെ കണ്ണ് കൊണ്ടുള്ള അഭിനയം എല്ലാവരും എടുത്തുപറയുന്നതാണ്. കണ്ണ് കൊണ്ട് ഇമോഷൻസ് സ്‌ക്രീനിൽ കാണിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. എന്നാൽ ആവേശത്തിൽ മിക്ക ഷോട്ടിലും താരം കൂളിങ് ഗ്ലാസ് വെച്ചിട്ടുണ്ട്. കണ്ണ് കവർ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജിത്തു മാധവൻ.

ആവേശത്തിലെ ഒരു സീനിലും ഫഹദിനെ കണ്ടിട്ടില്ലെന്നും മുഴുവൻ സമയവും രംഗയായി തന്നെയാണ് താരം നിന്നതെന്നും ജിത്തു പറഞ്ഞു. ഫഹദിന്റെ കണ്ണിലെ മുഴുവൻ ഇമോഷൻസും സിനിമയ്ക്ക് വേണ്ടെന്നും അത് ഈ പടം താങ്ങില്ലെന്നും ജിത്തു കൂട്ടിച്ചേർത്തു. ഫിലിം ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

‘ഈ സിനിമയിൽ ഒരു സീനിലും ഞാൻ ഫഹദിനെ കണ്ടിട്ടില്ല. അതിനകത്ത് രംഗയായി തന്നെയാണ് മുഴുവനായിട്ടും നിന്നത്. കണ്ണിലെ ഇമോഷൻ കാണിക്കേണ്ട സീനിൽ പോലും കുറച്ചേ കാണിച്ചിട്ടുള്ളൂ, പകുതിയെ കാണിച്ചിട്ടുള്ളൂ. അത്രയും മതി. പുള്ളിയുടെ കണ്ണിലുള്ള മുഴുവൻ ഇമോഷൻസും സിനിമയിൽ വേണ്ട. പുള്ളിയുടെത് ഒരുപാട് റിയാക്ഷൻസ് ഉള്ള കണ്ണാണ്.

അത് മുഴുവനായി താങ്ങാനുള്ള ഇമോഷണൽ ബേസ് ഈ പടത്തിനില്ല. അതുകൊണ്ടാണ് ഒരു കാരണം. പിന്നെ രംഗയുടെ ഒരു സ്വാഗ് ആണ്. പുള്ളിയുടെ സ്ക്രിപ്റ്റിലുള്ള ശീലം ആണത്. അത് ഉറപ്പായിട്ടും ചെയ്തേ പറ്റൂ,’ ജിത്തു മാധവൻ പറഞ്ഞു.

Content Highlight: Jithu madhavan about fahad fasil’s eye’s emotion

We use cookies to give you the best possible experience. Learn more