| Wednesday, 17th April 2024, 4:05 pm

ജിത്തുവിന്റെ നായകൻമാർ സൂപ്പർ സ്റ്റാറുകളല്ല, സോഷ്യൽ മീഡിയ സ്റ്റാറുകൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റീ ഇൻട്രൊഡ്യൂസിങ് ഫഫ എന്ന ടാഗ്‌ലൈനോടെ ഫഹദിനെ അഴിച്ചു വിട്ട ചിത്രമാണ് ആവേശം. അൻവർ റഷീദ്, സുഷിൻ ശ്യാം, സമീർ താഹിർ ഇങ്ങനെ ആവേശം തിയേറ്ററിൽ നിന്ന് കാണാൻ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതലേ ഹൈപ്പിൽ കയറിയ പടമാണ് ആവേശം.

രോമാഞ്ചം പോലെ തന്നെ വീണ്ടും ബാംഗ്ലൂരിന്റെ പശ്ചാത്തലത്തിലാണ് ജിത്തു ആവേശത്തിന്റെ കഥ പറയുന്നത്.

ബാംഗ്ലൂരിലെ കോളേജിൽ പഠിക്കാൻ എത്തുന്ന മൂന്ന് വിദ്യാർത്ഥികളും അവർ ലോക്കൽ ഗുണ്ടയായ രംഗണ്ണനെ പരിചയപ്പെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. തുടർന്ന് അവർക്കിടയിൽ ഉണ്ടാവുന്ന സംഭവങ്ങളെ പൂർണമായി ഹ്യൂമറിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. രോമാഞ്ചം പോലെ തന്നെ സിറ്റുവേഷണൽ കോമഡികളാണ് ആവേശത്തിന്റെയും നട്ടെല്ല്.

ചിത്രത്തിന്റെ കാസ്റ്റിങ്ങിലേക്ക് വരുമ്പോൾ ആദ്യ ചിത്രത്തിലെ പോലെ തന്നെ ഒരു സമാനത ആവേശത്തിലും കാണാൻ സാധിക്കുന്നുണ്ട്. രോമാഞ്ചത്തിൽ സൗബിൻ ഷാഹിർ, അർജുൻ അശോകൻ, സജിൻ ഗോപു എന്നിവർക്ക് പുറമേ ചിത്രത്തിൽ എത്തിയ പ്രധാന കഥാപാത്രങ്ങളെല്ലാം സോഷ്യൽ മീഡിയകളിൽ സജീവമായിട്ടുള്ളവർ ആയിരുന്നു. പലരുടെയും ആദ്യ സിനിമയായിരുന്നു രോമാഞ്ചം.

ചിത്രത്തിൽ വലിയ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു സിജു സണ്ണി അവതരിപ്പിച്ച മുകേഷ്. ഇൻസ്റ്റഗ്രാമിൽ കോമഡി വീഡിയോകൾ ചെയ്ത് വലിയ ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു സണ്ണി.

ഷിജാപ്പൻ എന്ന കഥാപാത്രമായി എത്തിയ അബിൻ ബിനോ സോഷ്യൽ മീഡിയകളിൽ നത്ത് എന്നാണ് അറിയപ്പെടുന്നത്. ഒതളങ്ങ തുരുത്ത് എന്ന വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ താരമാണ് അബിൻ. അബിനോടൊപ്പം ഒതളങ്ങ തുരുത്തിലെ മറ്റൊരു താരവും രോമാഞ്ചത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ജിയോ മോൻ ജ്യോതിറും സോഷ്യൽ മീഡിയകളിലൂടെ ശ്രദ്ധ നേടിയ താരമാണ്. ഡി. ജെ ബാബു എന്ന കഥാപാത്രത്തെയായിരുന്നു ജിയോ മോൻ അവതരിപ്പിച്ചത്. റിവിനെ അവതരിപ്പിച്ച അനന്തരാമൻ അജയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ്. ഇത്തരത്തിൽ ഒരുപാട് പുതിയ അഭിനേതാക്കളുടെ ആദ്യ ചിത്രമായിരുന്നു രോമാഞ്ചം.

ആവേശത്തിലേക്ക് വരുമ്പോഴും ആ പതിവ് ജിത്തു തെറ്റിക്കുന്നില്ല. ആവേശത്തിൽ ഫഹദിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത് മൂന്ന് നായകൻമാരാണ്. മൂന്ന് പേരും സോഷ്യൽ മീഡിയകളിൽ യുവ ജനങ്ങൾക്ക് പരിചിതരാണ്. അതുപോലെ നെഗറ്റീവ് വേഷത്തിൽ എത്തിയ കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും ഒരു സോഷ്യൽ മീഡിയ സ്റ്റാറാണ്.

തിരുവനന്തപുരംകാരന്‍ മിഥുന്‍ ജയശങ്കര്‍, കൊല്ലംകാരനായ ഹിപ്സ്റ്റര്‍, റോഷന്‍ ഷാനവാസ്. നെഗറ്റീവ് ഷെയ്ഡുള്ള കുട്ടി കഥാപാത്രമായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച തൃശൂര്‍കാരന്‍ മിഥൂട്ടി എന്നിവരാണ് ആവേശത്തില്‍ കലക്കന്‍ പ്രകടനം നടത്തി കയ്യടി നേടുന്നത്.

സോഷ്യൽ മീഡിയകളിൽ താരങ്ങളായ ഇവരെ ഓഡിഷൻ വഴിയാണ് താൻ കണ്ടെത്തിയതെന്നും എന്നാൽ സോഷ്യൽ മീഡിയകളിലെ ഇവരുടെ പ്രകടനങ്ങൾ കണ്ടിട്ടാണ് അവരെ വിളിച്ചതെന്നും സംവിധായകൻ ജിത്തു ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

പിള്ളേര്‍ക്കൊക്കെ ഒരു ടാഗ് ലൈന്‍ കൊടുത്തുകൊണ്ടാണ് ജിത്തു ആവേശത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ഹോട്ട് സ്റ്റാര്‍ ഹിപ്സ്റ്റര്‍, റോറിങ് സ്റ്റാര്‍ റോഷന്‍, ഹോമ്‌ലി സ്റ്റാര്‍ മിഥുന്‍, ക്യൂട്ട് സ്റ്റാര്‍ മിഥൂട്ടി എന്നിങ്ങനെ ആദ്യ സിനിമയിൽ തന്നെ ഗംഭീര ബിൽഡപ്പ് സംവിധായകൻ താരങ്ങൾക്ക് നൽകുന്നുണ്ട്. ആവേശം തിയേറ്ററിൽ തകർത്തോടുമ്പോൾ ഫഫയോടൊപ്പം ഇവരും കയ്യടി നേടുന്നുണ്ട്. ജിത്തു മാധവന്റെ ഇനിയുള്ള സിനിമകളിലും അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിലെ ഈ വ്യത്യസ്ത പ്രതീക്ഷിക്കാം.

Content Highlight: Jithu Madavan’s heros Are Social Media Stars

We use cookies to give you the best possible experience. Learn more