മെമ്മറീസ്,മമ്മി ആന്റ് മീ, മൈ ബോസ്, ഡിറ്റക്റ്റീവ്, ദൃശ്യം, കൂമന്‍, തുടങ്ങിയ സിനിമകളിലൂടെ സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരനായ സംവിധായകനും എഴുത്തുകാരനുമാണ് ജീത്തു ജോസഫ്.
ജീത്തു ജോസഫിന്റെ സിനിമകളെടുത്ത് നോക്കിയാല്‍ കൂടുതലായും കാണാന്‍ കഴിയുന്നത് മുന്‍ സിനിമകളില്‍ ഉണ്ടായിരുന്ന അതേ ടെക്നീഷ്യന്മാരെ തന്നെയാകും അടുത്ത സിനിമകളിലേക്കും ജീത്തു ജോസഫ് തെരഞ്ഞെടുക്കുന്നത്. ടെക്‌നീഷ്യന്‍സില്‍ ഒരു റിപീറ്റേഷന്‍ ഉണ്ടാകും.
ആദിയിലും കൂമനിലും ട്വല്‍ത്ത് മാനിലും നേരിലും സതീഷ് കുറുപ്പ് തന്നെയായിരുന്നു ഛായാഗ്രാഹകന്‍. സംഗീത സംവിധായകന്‍ വിഷ്ണു ശ്യാം ആണ് ജീത്തു ജോസഫിന്റെ കൂമന്‍, റാം, നേര്, തുടങ്ങിയ സിനിമകളിലെ സംഗീതം ചെയ്തത്.
താന്‍ ഒരാളുമായി സെറ്റായി കഴിഞ്ഞാല്‍ ഒരു കുടുംബം പോലെ തോന്നുമെന്നും പിന്നെ അയാളെ മാറ്റി നിര്‍ത്തുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്നും എഫ്.റ്റി.ക്യു. വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറയുന്നു. അവരുമായി ഒരു ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാകുമെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.
‘എന്റെ ശൈലിയിലുള്ള ഫിലിം മേക്കിങ് കുറച്ച് വ്യത്യസ്തമാണ്. അതുമായി പെട്ടന്ന് സെറ്റ് ആയ ഒരാളാണ് സതീഷ് കുറുപ്പ്. നേര് സിനിമയിലെല്ലാം നാല് ക്യാമറ ഉപയോഗിച്ചാണ് നമ്മള്‍ സിനിമ ഷൂട്ട് ചെയ്തത്. അപ്പോള്‍ അതെല്ലാം മനസിലാക്കുന്ന, കറക്റ്റ് ആയിട്ട് ഇമോഷന്‍സ് ക്യാപ്ചര്‍ ചെയ്യാന്‍ പറ്റുന്ന ഒരാള്‍ വേണം. അങ്ങനെയാണ് സതീഷിലേക്ക് എത്തുന്നത്.
വിഷ്ണുവിന്റെ കൂടെ ആദ്യമായി ചെയ്യുന്ന സിനിമ റാം ആണ്. വിഷ്ണു, റാമിന് വേണ്ടി ഓരോ കഥാപാത്രങ്ങള്‍ക്കും സിനിമക്കും ഉണ്ടാക്കിയ തീം ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ടു. കൂമന് വേണ്ടി വിഷ്ണു ചെയ്ത തീമും ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അവന്‍ എന്റെ വീടിന്റെ അടുത്തുള്ള ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. അപ്പോള്‍ എല്ലാ ദിവസവും നല്ലൊരു ഇന്‍ട്രാക്ഷന്‍ നടക്കും.
പിന്നെ എനിക്കൊരു കുഴപ്പമുണ്ട്. ഒരാളുമായി സെറ്റ് ആയാല്‍, ഇമോഷണലി കണക്ട് ആയാല്‍ പിന്നെ അയാള്‍ എനിക്കൊരു കുടുംബം പോലെ ആകും. അപ്പോള്‍ പിന്നെ ഒരാളെ മാറ്റിനിര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവരെ മാറ്റിനിര്‍ത്തേണ്ട ഒരു അവസ്ഥ വരുകയാണെങ്കില്‍ അത് അവരോടു തന്നെ പറയും.’ ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jithu Joseph Talks About Vishnu shyam and Satheesh Kurupp