ജീത്തു ജോസഫിന്റെ എല്ലാ സിനിമയിലും എന്തെങ്കിലും ഒരു പുതുമ നമുക്ക് കാണാന്‍ കഴിയും. ചിലപ്പോള്‍ അത് കഥ പറച്ചിലിലാകാം അല്ലെങ്കില്‍ അതിലഭിനയിച്ചിരിക്കുന്ന അഭിനേതാക്കളില്‍ ആകാം. ജീത്തു ജോസഫിന്റെ മെമ്മറീസിലും ഡിറ്റക്ടീവിലും എല്ലാം അതുവരെ കോമഡി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന നടന്മാരാണ് വില്ലന്‍ വേഷങ്ങളില്‍ എത്തിയത്. അതുപോലതന്നെ മിനിസ്‌ക്രീനില്‍ മാത്രം ഒതുങ്ങിയവരെ അവരുടെ കഴിവ് മനസിലാക്കി ബിഗ്ഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരാനും ജീത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്.
താന്‍ ഇങ്ങനെ ചെയ്യുന്നത് സിനിമ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ പൊളിക്കാനാണെന്ന് ഫിലിം ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. കോമഡി ചെയ്യുന്നവര്‍ എല്ലാകാലത്തും കോമഡി തന്നെ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്നും എല്ലാത്തരം റോളുകളും ചെയ്യാന്‍ അവര്‍ക്ക് കഴിയുമെന്നും ജീത്തു ജോസഫ് കൂട്ടി ചേര്‍ത്തു.
‘ഇന്‍ഡസ്ട്രിയില്‍ നിയമങ്ങള്‍ ഒന്നും ഇല്ല. കുറച്ചാളുകള്‍ കുറച്ച് നിയമം ഉണ്ടാക്കിവെക്കുന്നതാണ്. ആ നിയമങ്ങള്‍ മാറ്റി കൊണ്ട് തന്നെ പോകണം. കുറച്ച് പേര്‍ വില്ലന്‍ വേഷം ചെയ്യാനും കുറച്ചാളുകള്‍ കോമഡി ചെയ്യാനും കുറച്ചുപേര്‍ നായകരാകാനും, ഇതെല്ലം പൊളിച്ചെഴുതപ്പെടണം. ഹീറോ വേഷം ചെയ്യുന്നവര്‍ വന്ന് വില്ലന്‍ വേഷം ചെയ്യണം.
അങ്ങനെ ആകുമ്പോള്‍ എഴുത്തുകാര്‍ക്ക് എങ്ങനെ വേണമെങ്കിലും കഥയെ പലവഴിയിലൂടെ കൊണ്ട് പോകാന്‍ പറ്റും. ഇവിടെ ഇപ്പോള്‍ നടക്കുന്നത് സ്ഥിരമായി കോമഡി ചെയ്യുന്ന ഒരാള്‍ വരുന്നു, അപ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാകും ഇയാള്‍ കോമഡി ചെയ്യാന്‍ പോകുകയാണെന്ന്, സിനിമയിലെ കോമഡി ഇപ്പോള്‍ രംഗങ്ങള്‍ തുടങ്ങുമെന്ന്. ഇത്തരത്തിലുള്ള സ്റ്റീരിയോടൈപ്പുകള്‍ മാറണം,’ ജീത്തു ജോസഫ് പറയുന്നു.
സിനിമയില്‍ അഭിനയിക്കുന്ന എല്ലാവരെയും ഒരേപോലെ അഭിനേതാക്കള്‍ ആയി കാണണം എന്ന് ചിന്തിക്കുന്ന ആളാണ് താനെന്നും, തന്റെ സിനിമയിലൂടെ അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണെന്നും പറയുകയാണ് ജീത്തു ജോസഫ്.
‘എല്ലാവരെയും അഭിനേതാക്കള്‍ ആയി കാണണം എന്ന വിശാലമായ ചിന്തയിലുള്ള ആളാണ് ഞാന്‍. എല്ലാവര്‍ക്കും എല്ലാതരം റോളുകളും ചെയ്യാന്‍ കഴിയും. മലയാള സിനിമയില്‍ ഇപ്പോഴത്തെ ജനറേഷനില്‍ പല സ്റ്റീരിയോടൈപ്പുകളും മാറി വരുന്നുണ്ട്. എന്റെ സിനിമയില്‍ എന്തായാലും ഞാന്‍ അതൊക്കെ മാറ്റാന്‍ ശ്രമിക്കുന്നുണ്ട്,’ ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jithu Joseph Talks About Industry’s Law