2013 ല്‍ തിര എന്ന വിനീത് ശ്രീനിവാസന്‍ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ടാണ് ബേസില്‍ ജോസഫിന്റെ സിനിമ ജീവിതത്തിന്റെ തുടക്കം. ഡയറക്ടര്‍ ആയും അഭിനേതാവായും ഒരേ സമയം ബേസില്‍ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ കുഞ്ഞിരാമായണം ആണ് ബേസില്‍ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. കുഞ്ഞിരാമായണത്തിന് പുറമെ ഗോദ, മിന്നല്‍ മുരളി തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളും ബേസില്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ബേസില്‍ ജോസഫിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴി ഉടന്‍ തന്നെ തിയ്യറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇരുവരും ഒന്നിക്കുന്ന ആദ്യ സിനിമ കൂടിയാണ് നുണക്കുഴി.
ബേസില്‍ ജോസഫ് എന്ന സംവിധായകനെ താന്‍ സംവിധാനം ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന അനുഭവം പങ്ക് വെക്കുകയാണ് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ്.
ബേസില്‍ ജോസഫ് ഒരു സംവിധായകന്‍ കൂടി ആയത് കൊണ്ട് സംവിധായകന് നല്‍കേണ്ട സ്‌പേസിനെ കുറിച്ച് ബേസിലിന് നന്നായി അറിയാമെന്നും കൂടെ വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണെന്നും ജീത്തു ജോസഫ് പറയുന്നു.
‘ബേസില്‍ ഒരു ഡയറക്ടര്‍ ആണ്. സ്വാഭാവികമായിട്ടും പുറത്ത് നിന്ന് വരുന്ന ഒരാള്‍ക്ക് തോന്നാം ഒരു ഡയറക്ടറിനെ ഡയറക്ടര്‍ ഡയറക്റ്റ് ചെയ്യുമ്പോള്‍ അതെങ്ങനെ ആയിരിക്കും എന്ന്.
ബേസില്‍ വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിട്ടുള്ളൊരു ആക്ടര്‍ ആണ്. ഒരു ഡയറക്ടേഴ്സ് ആക്ടര്‍ ആണ് അദ്ദേഹം. ഏതൊരു വ്യക്തിക്കും ഉള്ളപോലെ ബേസിലിനും ബേസിലിന്റെതായ അഭിപ്രായങ്ങള്‍ ഉണ്ടാകും. അതൊക്കെ അവന്‍ എന്നോട് പറയും. അത് എനിക്ക് ഓക്കേ അല്ല എന്ന് പറഞ്ഞാല്‍ ബേസിലും ഓക്കേ ആയിരിക്കും.
ഡയറക്ടര്‍ ഫ്രീഡം ബേസില്‍ എപ്പോഴും എനിക്ക് തരും. കാരണം അദ്ദേഹത്തിന് അറിയാം ഒരു സംവിധായകന് നല്‍കേണ്ട സ്‌പേസ്. എന്നെ സംബന്ധിച്ചിടത്തോളം ബേസിലിന്റെ കൂടെയുള്ള എന്റെ ആദ്യത്തെ വര്‍ക്കിങ് എക്‌സ്പീരിയന്‍സ് വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. നമ്മള്‍ എന്ത് പറയുന്നോ അത് തന്നെ ബേസില്‍ നമുക്ക് തരും,’ ജീത്തു ജോസഫ് പറയുന്നു.
Content highlight: Jithu joseph Talks About Basil Joseph