ക്രൈം ത്രില്ലര്‍, കോമഡി, ഫാമിലി ഡ്രാമ, എന്നിങ്ങനെയുള്ള ഴോണറുകളും അനായാസം കൈകാര്യം ചെയ്യുന്ന സംവിധായകനാണ് ജീത്തു ജോസഫ്. ഒരേ സമയം തന്നെ എഴുത്തുകാരനായും സംവിധായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ദൃശ്യം, മെമ്മറീസ്, മമ്മി ആന്‍ഡ് മി, മൈ ബോസ്, നേര് തുടങ്ങിയ സിനിമകളിലൂടെ ജീത്തു ജോസഫ് തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
തന്നോട് ആരെങ്കിലും എന്തെങ്കിലും ചെയ്യരുതെന്ന് പറഞ്ഞാല്‍ അത് തന്നെ ചെയ്യുമെന്നും, ചെയ്യരുതെന്ന് പറയുന്നതിന് പിന്നില്‍ എന്തെങ്കിലും കാരണം ഉണ്ടാകുമെന്നും ഫിലിം ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറയുന്നു. ആശാ ശരത്തിനെയും സതീഷ് കുമാറിനെയും അങ്ങനെ തന്റെ സിനിമയുടെ ഭാഗമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എനിക്കൊരു സ്വഭാവമുണ്ട്. ആരെങ്കിലും എന്തെങ്കിലും ചെയ്യരുതെന്ന് പറഞ്ഞാല്‍ അത് തന്നെ ചെയ്യും.അന്നൊക്കെ ടെലിവിഷനില്‍ അഭിനയിക്കുന്നവരെ സിനിമയില്‍ അഭിനയിപ്പിക്കരുത് എന്നുണ്ടായിരുന്നു. അങ്ങനെ പറഞ്ഞത് കൊണ്ടുതന്നെ ആശാ ശരത്തിനെ കാസ്റ്റ് ചെയ്തു. അതുപോലെ എന്റെ ഒരു പടത്തില്‍ പുതിയൊരു ആര്‍ട്ട് ഡയറക്ടറിനെ വിളിക്കാന്‍ പോയപ്പോള്‍ കുറച്ചാളുകള്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു അയാളെ വെക്കരുതെന്ന്.
അങ്ങനെ വന്ന് എന്റെ അടുത്ത് കുറ്റം പറഞ്ഞപ്പോള്‍ ഞാന്‍ അവനെ തന്നെ വെച്ചു. അയാള്‍ക്ക് ഒരു ക്വാളിറ്റി ഉണ്ടാകും അതുകൊണ്ടായിരിക്കും ആളുകള്‍ക്ക് ഇഷ്ടപ്പെടാതെ വരുന്നത്. പിന്നെ അയാളുടെ കൂടെ തന്നെ രണ്ടും മൂന്നും സിനിമ ഞാന്‍ ചെയ്തു. പിന്നെ ഒരാള്‍ വന്നിട്ട് പറഞ്ഞു സതീഷ് കുറുപ്പ് ഒരു അണ്‍ ലക്കി ക്യാമറാമാന്‍ ആണെന്ന്. ആദിയുടെ ഛായാഗ്രാഹകന്‍ അദ്ദേഹം ആയിരുന്നു,’ ജീത്തു ജോസഫ് പറയുന്നു.
ഇത്തരത്തിലെല്ലാം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള കാരണവും ജീത്തു ജോസഫ് വിശദീകരിക്കുന്നു.
‘ഇങ്ങനെയെല്ലാം ഞാന്‍ ചെയ്യാനുള്ള കാരണം പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് ശേഖര്‍ കപൂറിനെ മഹേഷ് ഭട്ട് ഇന്റര്‍വ്യൂ ചെയ്യുന്നത് കണ്ടിട്ടുണ്ടായിരുന്നു. അതില്‍ മഹേഷ് ഭട്ട് ശേഖര്‍ കപൂറിനോട് താങ്കള്‍ക്ക് വളര്‍ന്നു വരുന്ന ഫിലിം മേക്കേഴ്‌സിനോട് എന്താണ് പറയാനുള്ളതെന്ന് ചോദിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഒരു നല്ല ഫിലിം മേക്കര്‍ ആകണമെങ്കില്‍ ഇന്ഡസ്ട്രിയിലെ നിയമങ്ങള്‍ക്ക് എതിരെ പോകണം എന്നാണ് ശേഖര്‍ കപൂര്‍ മറുപടി പറയുന്നുണ്ട്. ഇതാണ് എന്നെ പ്രചോദിപ്പിച്ചത്,’ ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jithu Joseph Talks About Asha Sharath And Film Industry