അശ്ലീല സംഭാഷണങ്ങളുണ്ടെന്ന പ്രചരണം ലൈഫ് ഓഫ് ജോസൂട്ടിക്ക് തിരിച്ചടിയായെന്ന് സംവിധായകന്‍ ജിത്തു ജോസഫ്. കഥാപാത്രങ്ങള്‍ സ്വാഭാവികമായി പറയുന്ന സംഭാഷണങ്ങളേ സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ തന്റെ സിനിമയില്‍ അത്തരം ചെറിയൊരു സംഭാഷണം പോലും പ്രതീക്ഷിക്കുന്നില്ല എന്നാണ് പലരും പറഞ്ഞതെന്നും ജിത്തു പറഞ്ഞു.
“അത്തരം ഒരു ഇമേജിന്റെ തടവറയിലാകാന്‍ ഉദ്ദേശിക്കുന്നില്ല. അഡല്‍സ് ഒണ്‍ലി ആയ ഒരു പ്രമേയം സിനിമയാക്കേണ്ടി വന്നാല്‍ ഒരു മടിയുമില്ലാതെ ചെയ്യും.” മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ജിത്തു വ്യക്തമാക്കി.
തന്റെ പുതിയ ചിത്രം ഊഴം ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയൊന്നുമല്ല എന്നും ജിത്തു പറയുന്നു. “ആക്ഷനുണ്ട്. പക്ഷേ അമാനുകിഷ ആക്ഷനൊന്നുമില്ല. സസ്‌പെന്‍സുമില്ല. സിനിമ ആദ്യ പത്തുമിനിറ്റ് കഴിയുമ്പോള്‍ കഥയുടെ ഗതി ആര്‍ക്കും മനസിലാകും.” ജിത്തു വ്യക്തമാക്കി.
ഊഴം ഒരു പ്രതികാരകഥയാണ്. വ്യത്യസ്തമായ രീതിയില്‍ ഒരു പ്രതികാര കഥ അവതരിപ്പിക്കാനാണു ശ്രമിക്കുന്നത്. അതു മാത്രമാണ് സിനിമയുടെ പുതുമയെന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജാണ് ഊഴത്തില്‍ നായകനായെത്തുന്നതത്. ദിവ്യ പിള്ളയാണു നായിക. താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണിതെന്നും 10 കോടിയോളമാണ് ചിലവെന്നും ജിത്തു പറയുന്നു.