| Sunday, 21st November 2021, 11:18 pm

ജിത്തുവിന് ഇനി നിവര്‍ന്നു നില്‍ക്കാം; താങ്ങായത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പാലക്കാട് സ്വദേശി ജിത്തുവിന് (13) ജീവിതത്തില്‍ നിവര്‍ന്നു നില്‍ക്കാന്‍ താങ്ങായി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ. സ്വകാര്യ ആശുപത്രിയില്‍ 10 ലക്ഷത്തോളം ചെലവ് വരുമെന്ന് പറഞ്ഞിരുന്ന ശസ്ത്രകിയയാണ് സൗജന്യമായി ചെയ്തുകൊടുത്തത്. ശാസ്ത്രക്രിയയ്ക്കും ഫിസിയോതെറാപ്പിക്കും ശേഷം ജീവിതത്തില്‍ ആദ്യമായി ജിത്തു നിവര്‍ന്നു നിന്നു.

9 മണിക്കൂര്‍ നീണ്ട സ്‌ക്കോളിയോസിസിനുള്ള (നട്ടെല്ല് നിവര്‍ത്തുന്ന) ശസ്ത്രക്രിയ ആദ്യമായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയത്. അത് വിജയിക്കുകയും ചെയ്തു. മികച്ച ചികിത്സ നല്‍കി ജിത്തുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരേയും മറ്റെല്ലാ ജീവനക്കാരേയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.

ജന്മനാ നട്ടെല്ല് വളഞ്ഞ് പഠിത്തത്തില്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാതെ നാലര അടി പൊക്കം മാത്രമുള്ള ജിത്തുവും കുടുംബവും ആകെ സങ്കടാവസ്ഥയിലായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാണോ എന്ന് അറിയാത്തതിനാല്‍ ജിത്തുവിന്റെ കുടുംബം ആദ്യം സമീപിച്ചത് സ്വകാര്യ ആശുപത്രിയേയാണ്.

ഭീമമായ ചികിത്സാ ചെലവ് കണ്ടാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിനെ സമീപിച്ചത്. എന്നാല്‍ ജിത്തുവിനെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കി.

ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍. ബിജു കൃഷ്ണന്റെയും അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഷംസാധ് ബീഗത്തിന്റെയും നേതൃത്വത്തില്‍ ഡോ. ജിതിന്‍, ഡോ. ജിയോ സെനില്‍, ഡോ. ഷാജി, ഡോ. ലിജോ കൊള്ളന്നൂര്‍, ഡോ. എം. സുനില്‍, ഡോ. വിജയകുമാര്‍, സ്റ്റാഫ് നഴ്സുമാരായ സരിത, രമ്യ, സുമിക്കോ എന്നിവരുള്‍പ്പെട്ട സംഘമാണ് ശാസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Jithu , a native of Palakkad, underwent free spinal straightening surgery at Thrissur Government Medical College to help him survive.

We use cookies to give you the best possible experience. Learn more