മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി വരുന്ന സിനിമയാണ് ആടുജീവിതം. മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
ചിത്രത്തിലെ എ.ആര്‍ റഹ്‌മാനൊരുക്കിയ പെരിയോനെ എന്ന ഗാനം ഏറെ സ്വീകാര്യത നേടിയിരുന്നു. ഈ ഗാനം പാടിയിരുന്നത് ജിതിന്‍ രാജായിരുന്നു. ഒരു മാപ്പിളപ്പാട്ടില്‍ നിന്നാണ് എ.ആര്‍ റഹ്‌മാന്‍ പെരിയോനിലേക്ക് എത്തിയതെന്ന് പറയുകയാണ് ജിതിന്‍ രാജ്. റേഡിയോ സുനോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിതിന്‍.
‘എന്നെ ആദ്യമായി പാടാന്‍ വിളിക്കുന്നത് ശ്രീനിവാസ് സാറായിരുന്നു. സൂപ്പര്‍ സിങ്ങര്‍ ഷോയിലും ഇന്ത്യന്‍ വോയിസ് ഷോയിലും അദ്ദേഹം എന്റെ ജഡ്ജായിട്ട് ഉണ്ടായിരുന്നു. അദ്ദേഹത്തിന് എന്നെ കൊണ്ട് എന്താണ് പറ്റുന്നത് എന്ന് അറിയുന്നതാണ്. അദ്ദേഹം ആ കോണ്‍ഫിഡന്‍സിലാണ് എന്നെ വിളിക്കുന്നത്.
പാടാനുള്ള ആദ്യത്തെ ചാന്‍സ് സാറിലൂടെയാണ് കിട്ടുന്നത്. പൊന്നിയിന്‍ ശെല്‍വനില്‍ രണ്ടോ മൂന്നോ മലയാളം ഡബ്ബിങ് സോങ്ങുകള്‍ പാടാന്‍ കഴിഞ്ഞിരുന്നു. പിന്നെ രണ്ടുമൂന്നു പാട്ടുകള്‍ കൂടെ പാടി. ഇതിനിടയില്‍ ബാക്കിങ് വോക്കല്‍സ് ചെയ്യുമായിരുന്നു.
അങ്ങനെയാണ് ഒരിക്കല്‍ ആടുജീവിതത്തിലേക്ക് എത്തുന്നത്. അവര്‍ ഒരു മലയാളി ഗായകനെ നോക്കുന്ന സമയമായിരുന്നു. എന്നോട് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. പിന്നീടാണ് ഞാന്‍ എ.ആര്‍ റഹ്‌മാന്‍ സാറിനെ കാണുന്നത്.
അന്ന് മുപ്പതോ നാല്പതോ മിനിട്ടോളം ഞങ്ങള്‍ സ്റ്റുഡിയോയില്‍ പരസ്പരം സംസാരിച്ചിരുന്നു. അന്നാണ് പെരിയോനെ എന്നുള്ളതിന്റെ ഹുക്ക് കൊണ്ടുവരുന്നത്. അദ്ദേഹം എന്നോട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു. ഞാന്‍ മലപ്പുറത്ത് നിന്നാണെന്ന് മറുപടി പറഞ്ഞു.
പിന്നെ ചോദിച്ചത് റീജിയണലായി നിങ്ങള്‍ പാടുന്ന മ്യൂസിക് എന്താണെന്നാണ്. മലപ്പുറത്ത് മാപ്പിളപ്പാട്ടിന് ഒരുപാട് പ്രധാന്യമുണ്ടെന്ന് ഞാന്‍ മറുപടി നല്‍കി. ഏതെങ്കിലും ഒരു മാപ്പിളപ്പാട്ട് പാടുമോ എന്ന് ചോദിച്ചു. ഞാന്‍ അപ്പോള്‍ യേശുദാസ് സാര്‍ പാടിയിട്ടുള്ള ആല്‍ബത്തില്‍ നിന്നുള്ള ഒരു പാട്ട് പാടി. ‘പണ്ടവന്‍ തന്നുടെ ദീനിലുള്‍ക്കൊണ്ട്’ എന്ന പാട്ടായിരുന്നു അത്.
അതില്‍ അവസാനം വരുന്ന വാക്ക് പെരിയോനെ എന്നായിരുന്നു. അപ്പോള്‍ അദ്ദേഹം നിങ്ങള്‍ എങ്ങനെയാണ് ദൈവത്തെ വിളിക്കുകയെന്ന് ചോദിച്ചപ്പോള്‍ റബ്ബേ, അള്ളാഹുവെന്നൊക്കെ വിളിക്കുമെന്ന് ഞാന്‍ പറഞ്ഞു. കൂടെ പെരിയോനെ എന്നും വിളിക്കാമെന്നും പറയുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം പെരിയോനെ റഹ്‌മാനെ എന്ന വരിയിലേക്ക് വരുന്നത്,’ ജിതിന്‍ രാജ് പറഞ്ഞു.
Content Highlight: Singer Jithin Raj Talks About Periyone Song In Aadujeevitham