ഒരുപാട് തവണ ആലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും വ്യക്തിഗതമായ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല പാര്‍ട്ടി മാറിയതെന്നും ജിതിന്‍ പ്രസാദ പറഞ്ഞു.
താനൊരു അവസരവാദിയായിരുന്നു എങ്കില്‍ ഏഴ് വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് വിട്ടേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഇന്ത്യയില്‍ ദേശീയ താല്‍പര്യത്തിനാണ് മുന്‍ഗണനയെന്നും അങ്ങനെ നോക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെയാണ് നില്‍ക്കേണ്ടതെന്നും ജിതിന്‍ പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ ഈ അഭിപ്രായമല്ലായിരുന്നല്ലോ എന്ന ചോദ്യത്തിന് പ്രതിപക്ഷത്തിരിക്കുമ്പോള്‍ അങ്ങനെയെല്ലാം പറയേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘പ്രതിപക്ഷത്തിരിക്കുമ്പോള്‍ ആ സമയത്ത് നടക്കുന്ന സംഭവങ്ങളെ ചോദ്യം ചെയ്യുക എന്നതാണ് ചെയ്യേണ്ടത്. അത് പ്രതിപക്ഷത്തിരിക്കുന്ന ഒരു വ്യക്തിയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ പോകപ്പോകെ രാജ്യത്തിന്റേയും അതിര്‍ത്തികളുടേയും സുരക്ഷ മോദിയുടെ കൈയില്‍ ഭദ്രമാണ് എന്ന് മനസിലാക്കി,’ ജിതിന്‍ പ്രസാദ പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജിതിന്‍ പ്രസാദ ബുധനാഴ്ചയാണു ബി.ജെ.പി. അംഗത്വം എടുത്തത്. പാര്‍ട്ടിയില്‍ ചേരുന്നതിനു മുമ്പായി ജിതിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ബംഗാളിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. രാജ്യത്തെ ഒരേയൊരു ദേശീയ പാര്‍ട്ടി ബി.ജെ.പിയാണെന്നാണ് അംഗത്വം സ്വീകരിച്ചു കൊണ്ട് ജിതിന്‍പ്രസാദ പറഞ്ഞത്.
ജനങ്ങളെ സഹായിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ കാര്യമില്ലെന്ന് തോന്നിയിട്ടാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചതെന്നും ജിതിന്‍ പ്രസാദ പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ നേതാക്കളിലൊരാളായിരുന്നു ജിതിന്‍ പ്രസാദ. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് എ.ഐ.സി.സിയ്ക്ക് കത്തയച്ച നേതാക്കളില്‍ ജിതിന്‍ പ്രസാദയും ഉണ്ടായിരുന്നു.
അതേസമയം പാര്‍ട്ടി വിട്ടതോടെ ജി-23 നേതാക്കളായ കപില്‍ സിബലും ശശി തരൂരും ജിതിന്‍ പ്രസാദയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.