Advertisement
Entertainment
ആ ഷോട്ട് സേവ് ആയില്ലെന്നറിഞ്ഞ് ടൊവി വിഷമിച്ചു; എന്നാല്‍ രണ്ടാമത്തെ ടേക്കില്‍ ഒരു മാജിക്ക് സംഭവിച്ചു: ജിതിന്‍ ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 29, 02:34 am
Sunday, 29th December 2024, 8:04 am

നവാഗതാനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം (എ.ആര്‍.എം). ടൊവിനോ തോമസ് നായകനായ ഈ സിനിമക്ക് തിയേറ്ററിലും ഒ.ടി.ടിയിലും ഗംഭീര പ്രതികരണമായിരുന്നു നേടിയത്.

അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് കഥാപാത്രങ്ങളുടെ കഥയായിരുന്നു എ.ആര്‍.എം പറഞ്ഞത്. മൂന്ന് വേഷവും അവതരിപ്പിച്ചത് ടൊവിനോ തന്നെയായിരുന്നു. ത്രീ.ഡിയില്‍ എത്തിയ ചിത്രത്തില്‍ മികച്ച താരനിര തന്നെയായിരുന്നു ഉണ്ടായിരുന്നത്.

ഇപ്പോള്‍ ടൊവിനോയുടെ ഇന്‍ട്രോ സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ജിതിന്‍ ലാല്‍. സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ചില സമയത്ത് നമ്മള്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. റിപ്പോര്‍ട്ടറിന്റെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു ജിതിന്‍.

‘സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ചില സമയത്ത് നമ്മള്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ലഭിക്കും. എ.ആര്‍.എമ്മില്‍ ഓപ്പണിങ്ങില്‍ ടൊവിയുടെ എന്‍ട്രി ഷൂട്ട് ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ഒരു കാര്യം ലഭിച്ചിരുന്നു. ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ റിവേഴ്‌സ് കറന്റ് കാരണം ജനറേറ്റര്‍ അടിച്ചു പോയി. അതോടെ ആ ഷോട്ട് റെക്കോഡ് ആയില്ല.

ഫാന്റത്തില്‍ എടുത്ത ഷോട്ടായിരുന്നു അത്. ഫാന്റത്തില്‍ എടുക്കുന്ന ഷോട്ടുകള്‍ നമ്മള്‍ സേവ് ചെയ്യണം. പക്ഷെ ഇവിടെ അതിന് സാധിച്ചില്ല. ബോള്‍ട്ട് ക്യാമറയായിരുന്നു അവിടെ ഉപയോഗിച്ചത്. ആ സീന്‍ എടുത്ത് കഴിഞ്ഞതും ക്ലാപ്പ് ചെയ്ത്, അടിപൊളിയെന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു ഞങ്ങള്‍.

അപ്പോഴാണ് കറണ്ട് പോയത് കാരണം അത് സേവ് ആയില്ലെന്ന് അറിയുന്നത്. ടൊവി വന്നപ്പോള്‍ അവന്‍ വിഷമിച്ചു. സിംഗിള്‍ ഷോട്ടായത് കാരണം അത്രയും കഷ്ടപ്പെട്ടാണ് ആ ഷോട്ട് ചെയ്തത്. അവസാനം വേറെ വഴിയില്ലാതെ ഒന്നുകൂടെ എടുക്കാമെന്ന് പറഞ്ഞ് ക്യാമറയൊക്കെ വീണ്ടും സെറ്റ് ചെയ്തു.

കുറച്ച് കഴിഞ്ഞാണ് ജനറേറ്ററൊക്കെ ശരിയാക്കി എടുക്കുന്നത്. അപ്പോഴേക്കും വൈകുന്നേരമായിരുന്നു. അങ്ങനെ അതേ ഷോട്ട് ഒന്നുകൂടെ ഷൂട്ട് ചെയ്തു. ആ ഷോട്ട് കൃത്യമായി സണ്‍ ഡൗണില്‍ കിട്ടി. അതായത് ടൊവി കൃത്യമായി വാള്‍ കുത്തുന്ന സീനായിരുന്നു അത്.

ആ സമയത്ത് ക്യാമറ താഴ്ത്തിയപ്പോള്‍ അവന്റെ മുഖത്തിന്റെ നേരെ തന്നെ സൂര്യന്‍ വരികയും ആ ഷോട്ട് കൃത്യമായി കിട്ടുകയും ചെയ്തു. അപ്പോള്‍ നേരത്തെ ആ സീന്‍ ശരിയാവാതിരുന്നത് ഇങ്ങനെ നല്ലൊരു സീന്‍ കിട്ടാനായിരുന്നുവെന്ന് അപ്പോഴാണ് മനസിലായത്. അങ്ങനെയുള്ള ചില മാജിക്കുകള്‍ സിനിമയില്‍ നമ്മള്‍ പ്രതീക്ഷിക്കാതെ സംഭവിക്കും,’ ജിതിന്‍ ലാല്‍ പറഞ്ഞു.

Content Highlight: Jithin Lal Talks About Tovino Thomas’s Intro Scene In Ajayante Randam Moshanam Movie