Entertainment
ആ സെറ്റിലേക്ക് ഞാന്‍ മമ്മൂക്കയെ കാണാന്‍ ചെന്നു, അദ്ദേഹം നമ്മളെക്കാള്‍ അപ്‌ഡേറ്റഡാണെന്ന് അന്ന് മനസിലായി: ജിതിന്‍ ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 20, 12:23 pm
Friday, 20th September 2024, 5:53 pm

ഓണം റിലീസുകളില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് അജയന്റെ രണ്ടാം മോഷണം. ടൊവിനോ മൂന്ന് വേഷത്തിലെത്തിയ ചിത്രം ത്രീ.ഡിയിലാണ് ഒരുങ്ങിയത്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം ഈയടുത്ത് മലയാളത്തില്‍ റിലീസായതില്‍ വെച്ച് ഏറ്റവും മികച്ച ഫാന്റസി ചിത്രമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളായി കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ടൊവിനോ കാഴ്ചവെച്ചത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടി.

ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ മമ്മൂട്ടിയെ കാണാന്‍ ചെന്നതിന്റെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ജിതിന്‍ ലാല്‍. ടര്‍ബോയുടെ സെറ്റില്‍ മമ്മൂട്ടിയെ കാണാന്‍ ചെന്നിരുന്നുവെന്നും അദ്ദേഹവുമായി ഒരുപാട് നേരം സംസാരിച്ചുവെന്നും ജിതിന്‍ പറഞ്ഞു. എ.ആര്‍.എമ്മിനെപ്പറ്റിയും ത്രീ.ഡിയില്‍ ഷൂട്ട് ചെയ്യുന്നതിനെപ്പറ്റിയും മമ്മൂട്ടിയോട് സംസാരിച്ചുവെന്നും മമ്മൂട്ടി കുറേ സജഷന്‍സ് പറഞ്ഞുതന്നെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു. ഗാഡ്ജറ്റുകളെപ്പറ്റി മമ്മൂട്ടിക്കുള്ള അറിവ് തന്നെ ഞെട്ടിച്ചുവെന്നും ജിതിന്‍ പറഞ്ഞു.

എന്തുകൊണ്ടാണ് മമ്മൂട്ടി അപ്‌ഡേറ്റഡാണെന്ന് പറയുന്നതെന്ന് അന്ന് മനസിലായെന്നും ഓരോ കാര്യത്തെപ്പറ്റിയും അദ്ദേഹത്തിനുള്ള അറിവ് തന്നെ അമ്പരിപ്പിച്ചുവെന്നും ജിതിന്‍ പറഞ്ഞു. ത്രീ.ഡിയുടെ കറക്ട് എഫക്ട് കിട്ടാന്‍ വേണ്ടി എങ്ങന ഫ്രെയിം സെറ്റ് ചെയ്യണമെന്നൊക്കെ നിര്‍ദേശിച്ചത് മമ്മൂട്ടിയായിരുന്നെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ജിതിന്‍.

‘ഞാന്‍ മമ്മൂക്കയെ കാണാന്‍ വേണ്ടി ടര്‍ബോയുടെ സെറ്റിലേക്ക് പോയിരുന്നു. പുള്ളിയെ കണ്ട് ഒരുപാട് നേരം സംസാരിച്ചിരുന്നു. ഞാന്‍ എ.ആര്‍.എമ്മിനെപ്പറ്റിയും ത്രീ.ഡിയില്‍ ഷൂട്ട് ചെയ്യുന്നതിനെപ്പറ്റിയുമാണ് പുള്ളിയോട് സംസാരിച്ചത്. പുള്ളി എത്രമാത്രം അപ്‌ഡേറ്റഡാണെന്ന് അന്ന് മനസിലായി. നമ്മളൊന്നും അതുവരെ കേട്ടിട്ടുപോലുമില്ലാത്ത ഗാഡ്ജറ്റുകളെപ്പറ്റിയാണ് പുള്ളി സംസാരിച്ചത്. അദ്ദേഹത്തിന്റെ അറിവ് മുഴുവന്‍ നമ്മളിലേക്ക് ഷെയര്‍ ചെയ്യും. നമുക്ക് അത് വല്ലാത്ത അനുഭവമാണ്.

അതുപോലെ ത്രീ.ഡിയില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് എങ്ങനെ ഫ്രെയിം സെറ്റ് ചെയ്യണമെന്ന കാര്യത്തിലൊക്കെ പുള്ളി ചില സജഷനുകള്‍ തന്നു. എങ്ങനെ ഷൂട്ട് ചെയ്യുമ്പോഴാണ് ആ റിയല്‍ ത്രീ.ഡിയുടെ എഫക്ട് കിട്ടുക എന്നൊക്കെ പുള്ളിയാണ് പറഞ്ഞുതന്നത്. അതൊരു വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു,’ ജിതിന്‍ ലാല്‍ പറഞ്ഞു.

Content Highlight: Jithin Lal shares the experience of meeting with Mammootty on Turbo location