ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വേഷത്തില്‍ ടൊവിനോ കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവെച്ച ചിത്രം ത്രീ.ഡിയിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആക്ഷനും മിത്തും ഫാന്റസിയും ഒരുപോലെ സമന്വയിപ്പിച്ച് നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 50 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു കഴിഞ്ഞു. ആദ്യദിനം മുതല്‍ക്ക് ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ത്രീ.ഡിയിലെ ദൃശ്യവിസ്മയങ്ങള്‍ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്. ചിത്രത്തില്‍ ടൊവിനോ ഗുഹക്കകത്ത് വെച്ച് മിന്നാമിനുങ്ങുകളെ കാണുന്ന സീനിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിതിന്‍ ലാല്‍. ആ ഗുഹ യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്നും ആ സീനിലെ ത്രീ.ഡി എഫക്ട് പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിയെന്നും ജിതിന്‍ പറഞ്ഞു. മണിയന്‍ അജയന് വഴി കാണിക്കുന്നു എന്ന് സിമ്പോളിക് ആയി കാണിക്കാന്‍ വേണ്ടിയാണ് മിന്നാമിനുങ്ങ് എന്ന എലമെന്റ് ഉപയോഗിച്ചതെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.
മണിയന്റെ ബീഡിയില്‍ നിന്ന് വരുന്ന തീപ്പൊരി മിന്നാമിനുങ്ങായി മാറുന്ന ട്രാന്‍സിഷന്‍ എഡിറ്ററോട് സംസാരിച്ച് കണ്‍വിന്‍സ് ചെയ്‌തെന്നും ജിതിന്‍ പറഞ്ഞു. ലോര്‍ഡ് ഓഫ് ദി റിങ്‌സ് എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നാണ് ആ സീനിന് പ്രചോദനം ലഭിച്ചതെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിതിന്‍ ഇക്കാര്യം പറഞ്ഞത്.
‘സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീനുകളിലൊന്നാണ് അജയന്‍ ജ്യോതിവിളക്ക് അന്വേഷിച്ച് ഗുഹയിലേക്ക് പോകുന്ന സീന്‍. കഥയിലെ ഏറ്റവും പ്രധാന ഭാഗമാണത്. ആ ഗുഹയില്‍ വെച്ച് ക്ലോസ്‌ട്രോഫോബിക്കായ അജയന്‍ ബോധം കെട്ട് വീഴുകയാണ്. ആ സയമത്താണ് അജയന്റെ മുത്തശ്ശി പറഞ്ഞ വാക്കുകള്‍ വീണ്ടും കേള്‍ക്കുന്നത്. ഏത് ആപത്തിലും മണിയന്‍ രക്ഷിക്കാന്‍ വരുമെന്ന്. ആ സമയത്താണ് മണിയനെ വീണ്ടും കാണിക്കുന്നത്. പിന്നീട് മുന്നോട്ടുള്ള വഴി കാണിക്കുന്നത് മണിയനാണ്.
അത് നേരിട്ട് കാണിച്ചാല്‍ ശരിയാവില്ലെന്ന് തോന്നി. മണിയന്റെ ബീഡിയില്‍ നിന്ന് വരുന്ന തീപ്പൊരികള്‍ മിന്നാമിനുങ്ങായി മാറുകയും അജയന് വഴികാണിക്കുകയുമാണ് ചെയ്യുന്നത്. ലോര്‍ഡ് ഓഫ് ദ റിങ്‌സാണ് ആ സീന്‍ ചെയ്യാന്‍ ഇന്‍സ്പിറേഷനായത്. ഈ ഐഡിയ ജോമോനോടും ഷമീറിനോടും പറഞ്ഞപ്പോള്‍ അവര്‍ക്കും ഓക്കെയായി. തിയേറ്ററില്‍ ആ സീനിന് നല്ല റെസ്‌പോണ്‍സ് കിട്ടിയത് കണ്ടപ്പോള്‍ സന്തോഷം തോന്നി,’ ജിതിന്‍ പറഞ്ഞു.
Content Highlight: Jithin Lal about firefly scene in ARM movie